Tuesday, March 6, 2012

വയല്‍വരമ്പിലൂടെ

വയല്‍വരമ്പിലൂടെ , ഏകയായ്
നടന്നു നീങ്ങുകയാണ്..
കൂടെയൊരാള്‍ക്ക് ചേര്‍ന്ന് പോകാന്‍
അസാധ്യമാമ് വിധം ഇടുങ്ങിയ നടവഴി.
വിളര്‍ത്ത്,നരച്ചു, കൂര്‍ത്ത നെല്‍ച്ചുവടുകള്‍ .
വരണ്ടു വീണ്ടുണങ്ങിയ നിലം.
ശൂന്യമാണ് ആകാശം പോലും..
വെണ്‍മേഘപ്രാവുകളൊന്നുപോലുമില്ല ..
ഇലയനക്കങ്ങളില്ല,പച്ചപ്പില്ല,
കിളിപ്പാട്ടില്ല, കാറ്റുമില്ല കൂട്ടിന്.
വയ്യ വയ്യെന്ന് കിതച്ചു തളര്‍ന്ന നിമിഷമൊന്നില്‍
കവിത വന്ന്‍ കൈ പിടിച്ചു.
കണ്ണീരുപ്പ് കനത്ത കദനങ്ങളെ,
കറുകറുത്ത അക്ഷരമുത്തുകളാക്കി
കുരുകുരാ കോര്‍ത്ത് കഴുത്തിലിട്ടു.
മറന്നു വച്ച സ്വപ്നങ്ങളെ ,ചിരികളെ
തിരഞ്ഞെടുത്തു തിരികെ തന്നു..
ഒരുതുള്ളി..പലതുള്ളി..പെരുമഴ..
വളര്‍ന്ന്..വിടര്‍ന്ന്.. പച്ച പുതച്ചു നെല്‍ച്ചുവടുകള്‍ ..
മഴയില്‍ കുളിര്‍ന്ന് കുതിര്‍ന്നു
ഞാനൊരു വയല്‍പ്പൂവായി ....



1 comment:

  1. വയൽ‌പ്പൂവുകൾ ഇനിയുമുണ്ട്, നോക്കു...എത്ര നിറങ്ങളിൽ എത്ര രൂപത്തിൽ ......

    ReplyDelete