Sunday, February 14, 2010

പ്രണയിനി

ഞാനിപ്പോള്‍ മരണത്തെ പ്രണയിക്കുന്നു.

നീയൊരു കുളിര്‍തെന്നലായ്,

സ്നേഹസാന്ത്വനമായെന്നെ പുല്‍കുന്നതെന്ന്?

ഓരോ പനിപ്പോളയിലും നിന്നെ ഞാനറിയുന്നു..

മൂര്‍ധാവില്‍ മുഗ്ധമായ് ചുംബിച്ച്,

രോമാവ്രുതമാം മാറോട് ചേര്‍ത്തണച്ച്

എന്നെ നീ കൂടെക്കൂട്ടില്ലേ?

കരയിലെ അലമുറകള്‍ എനിക്ക് പ്രശ്നമേയല്ല.

Saturday, January 16, 2010

അറിയാതെ പോയത്

കാണേണ്ടവന്‍ കാണാതായപ്പോള്‍,
കേള്‍ക്കേണ്ടവന്‍ കേള്‍ക്കാതായപ്പോള്‍,
അറിയേണ്ടവന്‍ അറിയാതായപ്പോള്‍,
ഞാന്‍ ഗൂഗിളിനെ തേടിപ്പോയി..
ഗൂഗിളെനിയ്ക്ക് എന്റെ കുട്ടീ എന്ന്
വാത്സല്യപ്പെട്ടൊരേട്ടനെ തന്നു.
ചേച്ചീ എന്നരുമയോടെ കൊഞ്ചു-
മൊരനുജനെ തന്നു.
സങ്കടമാലകള്‍ കൊരുത്തു കൂട്ടാ-
നൊരു കൂട്ടുകാരിയെ തന്നു.
ഏറ്റവുമൊടുവില്‍,എന്നെ
കാണുന്ന,കേള്‍ക്കുന്ന,അറിയുന്ന
എന്‍ പ്രിയ കാമുകനെ തന്നു.
ഏട്ടനും,അനുജനും,കൂട്ടുകാരിയും,കാമുകനും
മരണമുറിയില്‍ നിന്നെന്നെ മടക്കി.
ഇപ്പോളെന്റെ ഇരിപ്പും,കിടപ്പും
ഗൂഗിളിന്റെ മടിയില്‍..
അതെങ്കിലും നീ അറിയുന്നുവോ?