Saturday, March 24, 2012

ചിക്കന്‍ പോക്സ്


പനി പുതച്ച മയക്കത്തില്‍
ആകാശക്കൂട്ടില്‍ നിന്ന്‍
നക്ഷത്രക്കുഞ്ഞുങ്ങള്‍ ഊര്‍ന്നിറങ്ങി.

ചെറിയ വീട്ടിന്‍ വലിയ മുറ്റത്തവര്‍
പിച്ചവച്ചുല്ലസിച്ചു..

ഞാനാദ്യം ഞാനാദ്യം
മത്സരിച്ചോടിയവരെന്‍
മടിത്തട്ടിലമര്‍ന്നു!!
നെറ്റിയില്‍ , കണ്ണില്‍ , കവിളില്‍ ,
മാറില്‍ ഞാനവരെ ചേര്‍ത്തണച്ചു.

നെറ്റിയിലൊന്ന്,കവിളില്‍ രണ്ടു ,
മൂക്കിന്‍മേല്‍ മൂന്ന്‍ .....
താരക്കിടാങ്ങള്‍ പനിപ്പോളകളായ്
ദേഹത്ത് വിരിഞ്ഞു ,വിടര്‍ന്നു..

ജനവാതിലുകളടഞ്ഞു ..
ആര്യവേപ്പിന്‍ ഇല പാകിയ
തഴപ്പായയില്‍ തടവിലായ് ഞാന്‍ .
Thursday, March 22, 2012

അരുതരുത്..

വരയിലൂടെ വരിയായ്
നടക്കേണ്ടവര്‍ കുട്ടികള്‍ .
വരയൊന്ന് വളഞ്ഞാല്‍
വരിയൊന്ന് തെറ്റിയാല്‍
പുറത്താക്കപ്പെടേണ്ടവര്‍ .

വര വളഞ്ഞതിന്,
വരി തെറ്റിയതിന്
കാരണങ്ങളരുത്!

ഒച്ച പാടില്ല,
ഇടവേളകളില്‍ പോലും..
"കീപ് സൈലന്‍സ്"..
"കീപ് സൈലന്‍സ് " ..

സ്വപ്നം കണ്ടോളു..
പ്രോജക്ട്..അസൈന്‍മെന്‍റ്..
മറ്റൊന്നുമരുത്!!!

ചോദ്യങ്ങളരുത്..
ഉത്തരങ്ങള്‍ മാത്രം തരിക.
എഴുതിത്തന്ന ഉത്തരങ്ങള്‍ മാത്രം.

ചിന്തകളരുത്!
സംശയങ്ങളശേഷമരുത്!
ഹും..അനുസരിയ്ക്ക നീ..
എന്റെ ആജ്ഞകള്‍
അനുസരിയ്ക്ക നീ.

Thursday, March 15, 2012

ശിരസ്സറ്റ ശരീരം

സംഘര്‍ഷങ്ങളുടെ തീവ്രതയില്‍
തല പൊട്ടിച്ചിതറി.
ശിരസ്സറ്റ ശരീരം
കിടപ്പറയില്‍ സ്വസ്ഥമായി.
ഒരു തലയോട്ടിത്തുണ്ട്
മകനെത്തേടിയെത്തി.
അവനത് ചില്ലുജാറിലിട്ട്
ഷോകേസില്‍ വച്ചു.
ചോര വറ്റിയ കഷണമൊന്നു
ഉരുണ്ടുരുണ്ട് അച്ചന്റെ
മടിയില്‍ കയറി.
അച്ഛനതിനെ തലോടിക്കൊണ്ടേ
ഇരുന്നു..
ബാക്കിയായത് ചങ്ങാതീടെ
കാല്‍ക്കല്‍ തെറിച്ചെത്തി ..
അയാളതിനെ, അങ്ങുദൂരെ
കാണാമറയത്ത്
കുഴിച്ചിടാന്‍ കല്‍പ്പിച്ചു.
ശിരസ്സറ്റ ശരീരം
സ്വസ്ഥമായുറങ്ങീ..

Saturday, March 10, 2012

കൊറിയര്‍

കവറിന്നുള്ളില്‍ കയ്യൊപ്പിട്ടൊരു
മനസ്സ്...
വെള്ള വിത്തുകളായ്..
നട്ടുനനയ്ക്കാം ..
മുളപൊട്ടി വളരട്ടെ..
സ്നേഹപ്പന്തലൊരുക്കാം...
പൂത്തു പടരട്ടെ...
കണ്ണുകളടയ്ക്കാം..
കാഴ്ചയെ മറയ്ക്കാം...
കായ്ക്കട്ടെ പ്രേമം
കിനാവള്ളികളില്‍ ..

Tuesday, March 6, 2012

വയല്‍വരമ്പിലൂടെ

വയല്‍വരമ്പിലൂടെ , ഏകയായ്
നടന്നു നീങ്ങുകയാണ്..
കൂടെയൊരാള്‍ക്ക് ചേര്‍ന്ന് പോകാന്‍
അസാധ്യമാമ് വിധം ഇടുങ്ങിയ നടവഴി.
വിളര്‍ത്ത്,നരച്ചു, കൂര്‍ത്ത നെല്‍ച്ചുവടുകള്‍ .
വരണ്ടു വീണ്ടുണങ്ങിയ നിലം.
ശൂന്യമാണ് ആകാശം പോലും..
വെണ്‍മേഘപ്രാവുകളൊന്നുപോലുമില്ല ..
ഇലയനക്കങ്ങളില്ല,പച്ചപ്പില്ല,
കിളിപ്പാട്ടില്ല, കാറ്റുമില്ല കൂട്ടിന്.
വയ്യ വയ്യെന്ന് കിതച്ചു തളര്‍ന്ന നിമിഷമൊന്നില്‍
കവിത വന്ന്‍ കൈ പിടിച്ചു.
കണ്ണീരുപ്പ് കനത്ത കദനങ്ങളെ,
കറുകറുത്ത അക്ഷരമുത്തുകളാക്കി
കുരുകുരാ കോര്‍ത്ത് കഴുത്തിലിട്ടു.
മറന്നു വച്ച സ്വപ്നങ്ങളെ ,ചിരികളെ
തിരഞ്ഞെടുത്തു തിരികെ തന്നു..
ഒരുതുള്ളി..പലതുള്ളി..പെരുമഴ..
വളര്‍ന്ന്..വിടര്‍ന്ന്.. പച്ച പുതച്ചു നെല്‍ച്ചുവടുകള്‍ ..
മഴയില്‍ കുളിര്‍ന്ന് കുതിര്‍ന്നു
ഞാനൊരു വയല്‍പ്പൂവായി ....Monday, March 5, 2012

നന്ദി

കണ്ണീരുപ്പ് പടര്‍ന്ന കവിളുകള്‍
കാണാതെ പോയതിന്,
നെഞ്ചു പൊട്ടിച്ചിതറിയ വാക്കുകള്‍
തട്ടിത്തെറിപ്പിച്ചതിന്,
കാണാന്‍ കൊതിച്ച കണ്ണുകളില്‍
കാഴ്ചയാവാത്തതിന്,
യൌവ്വനത്തിന്‍ ഉടല്‍വിളികള്‍
കേള്‍ക്കാതിരുന്നതിന്,
ഈ കരുതും കനപ്പും എന്നില്‍
നിറച്ചതിന്,
കവിതയ്ക്ക് കാരണമായി, സങ്കടങ്ങള്‍
സമ്മാനിച്ചതിന്,
എന്റെ പ്രിയനേ നന്ദി..