Wednesday, September 28, 2011

കാന്‍സര്‍

പങ്കാളി പടിയിറങ്ങിയപ്പോള്‍ ,
അവന്റെ സ്നേഹലാളനയാല്‍
വെണ്‍മയാര്‍ന്ന മുലയില്‍
കാന്‍സറിന്റെ കാളിമ.
വരാനിരിക്കുന്നു,
സങ്കടസന്ധ്യകള്‍ ,
ദുരിതതീരങ്ങള്‍ ..
മുലക്കണ്ണ് തിരഞ്ഞിറങ്ങീ,
അവന്റെ കൈവിരലുകളെ.
അവള്‍ക്കറിയാം-
ആ സ്പര്‍ശം മാന്ത്രികവടിയാണെന്ന്.
ചെത്തിക്കളഞ്ഞ മുല
പൊട്ടിക്കിളിര്‍ക്കുമെന്ന്.
കൊഴിഞ്ഞടര്‍ന്ന മുടിയിഴകള്‍
തളിര്‍ത്ത് നീളുമെന്നു.
പക്ഷേ,
അവനിപ്പോള്‍ കൈവിരലുകളില്ലല്ലോ!!

Friday, September 23, 2011

സായം സന്ധ്യ

ചാന്ദ്ര വിരഹങ്ങള്‍
സൂര്യ ഗര്‍ജ്ജനങ്ങള്‍
ഭൂമി സങ്കടങ്ങള്‍
പ്രകൃതി പിണക്കങ്ങള്‍
മനുഷ്യക്കണ്ണുനീര്‍
പകല്‍ കടലില്‍ ചാടി..
പകലിന്റെ മരണമാണ്
സന്ധ്യ..സായം സന്ധ്യ..

Monday, September 19, 2011

കാംപസ്

ക്ളാസ്മുറിയുടെ വിരസത,
കുട്ടികളുടെ കോലാഹലങ്ങള്‍,
കളിക്കളത്തിലെ ആരവങ്ങള്‍,
കിളികളുടെ കലപില,
ക്വാര്‍ട്ടേര്‍സിന്റെ ഇടുക്കങ്ങള്‍,
കടും പച്ച മരങ്ങളുടെ സ്നേഹതണലും...

Saturday, September 17, 2011

കാത്തിരിപ്പ്

കൈവിരലുകള്‍ കോര്‍ത്ത്,
കാലടികള്‍ ചേര്‍ത്ത്,
മനസ്സുകളറിഞ്ഞു,
സ്നേഹത്തേരിലൊരു യാത്ര..

Wednesday, September 14, 2011

ഓര്‍മ്മ

മായ്ച്ചിട്ടും മായ്ച്ചിട്ടും
മനമിതില്‍ മായാതെ..
മറന്നിട്ടും മറന്നിട്ടും
മറവിയായ് ,മറയാതെ...
മണ്ണിന്‍ മണമായ്,
മഞ്ഞിന്‍ തണുപ്പായ്
മഴ തന്‍ നനവായ്,
മരങ്ങള്‍ തന്‍ തണലായ്,
മരണത്തിലും ഓര്‍മ്മയായ് നീ..

Wednesday, September 7, 2011

ഉത്രാടം

വീട് കാത്തിരുന്നു..
തൂത്തു വാരാന്‍,തുടച്ചു മിനുക്കാന്‍
അവള്‍ വരുമെന്ന്..
പൂവൊരുക്കാന്‍, ആറാപ്പൂ വിളിക്കാന്‍
വരാതിരിക്കില്ലെന്ന്..
അടുപ്പ് ,സദ്യയൊരുക്കാന്‍
കാത്തു നിന്നു..
തൃക്കാക്കരപ്പന്റെ മണ്‍രൂപങ്ങള്‍
അരിമാവിന്‍ പൊട്ടിന് കൊതിച്ചു നിന്നു..
തൊടിയിലെ തുംപപ്പൂക്കളും
കരുതി വരാതിരിക്കില്ലെന്ന്..
അവള്‍ക്കു ചെന്ന്‍ ചേരാതിരിക്കാനായില്ല...
വെള്ള പുതച്ച് കിടത്താന്‍ വീടൊരുങ്ങി...


ഓര്‍മ്മയായ് ഓണം..

ഓര്‍മ്മത്താളുകള്‍ പിന്നോട്ട് മറയ്ക്കുമ്പോള്‍, ഇടുക്കിയിലെ ഓണക്കാലത്തിന്നപ്പുറം ചിത്രങ്ങളില്ല..കൊച്ചുടുപ്പിട്ട് ചേട്ടന്നൊപ്പം പൂവിറുത്ത്വിറുത്ത്..കനകാംബരം..നീലക്കോളാമ്പി..വിണ്ട..വാടകവീടിന്റെ മുറ്റത്ത് അമ്മ വരച്ചു തരുന്ന കളങ്ങള്‍..ഭംഗിയോടെ, ശ്രദ്ധയോടെ പൂവിടുന്ന രണ്ടു പേര്‍..നാട്ടില്‍ വരാനാവാത്ത ഓണക്കാലങ്ങളില്‍, ഒരു ചാക്കു നിറയെ സാധനങ്ങളുമായി ഞങ്ങളെ കാണാന്‍ വരുന്ന അമ്മമ്മ.

അമ്മയുടെ തയ്യല്‍ മെഷീന്‍റെ ശബ്ദം താരാട്ടാവുന്ന പാതിരകള്‍!!


നല്ല വിദ്യാഭ്യാസത്തിന്റെ പേരില്‍ ജീവിതം തൃശ്ശുരിലേയ്ക്കു പറിച്ചു നടപ്പെട്ടപ്പോള്‍ ഓണക്കാലങ്ങള്‍കുറെക്കൂടി സുന്ദരമായി.നേരം പുലരുന്നതിന് എത്രയോ മുന്നേ ശീമക്കൊന്ന വേലിക്കപ്പുറത്ത് നിന്നുയരുന്ന ചൂളം വിളിയ്ക്ക് കാതോര്‍ത്ത് കിടന്ന ദിവസങ്ങള്‍..ചേട്ടനും കൂട്ടുകാരും ശിവന്റെ അമ്പലത്തിലെ മതില്‍ ചാടിക്കടന്നു വെള് വെളുത്ത നന്ത്യാര്‍വട്ടപ്പൂക്കള്‍ പറിക്കുമ്പോള്‍ പുറത്തു കാവലായി നിന്ന പാവാടക്കാരി..മുല്ലവള്ളികള്‍ പടര്‍ന്ന ശീമക്കൊന്നകള്‍ അതിരിട്ട കണ്ണംകുളങ്ങരയിലെ വീട്ടുമുറ്റം..പൂ പറിച്ചു തിരിച്ചെത്തുമ്പോഴേയ്ക്കും അമ്മമ്മ ഒരു കോംപാസിന്റെയും സഹായമില്ലാതെ കൃത്യമായ വൃത്തത്തില്‍ ചാണകം മെഴുകിയിട്ടുണ്ടാകും..ചേട്ടന്റെ ഉള്ളിലെ കലാകാരന് നല്ല നിശ്ചയമാണ്, ഏത് പൂവ്, എവിടെ , എങ്ങിനെ ഇടണമെന്ന്..അനിയത്തിക്കുട്ടി ചേട്ടന്റെ നിര്‍ദേശങ്ങള്‍ തെറ്റിക്കാറില്ല..സ്വന്തം വീട്ടുമുറ്റത്തെ പൂക്കളം ഇട്ടുകഴിഞ്ഞാല്‍ പിന്നെ അയല്‍വക്കങ്ങളിലേയ്ക്കുള്ള നടത്തമാണ്. ഓരോ പൂക്കളങ്ങളും കണ്ടു, ആരുടേതാണ് ഏറ്റവും നല്ലതെന്നു തര്‍ക്കിച്ച് ..

അമ്മമ്മയ്ക്ക് തിരക്ക്..മുളകും മല്ലിയും ഉണക്കണം..അരി പൊടിച്ച് വറക്കണം..എല്ലാത്തിനും മറ്റമ്മാമ്മ (അമ്മമ്മയുടെ അമ്മ)യുടെ മേല്‍നോട്ടമുണ്ടാകും.. മഞ്ഞള്‍ വെള്ളത്തില്‍ അരിഞ്ഞിട്ട നേന്ത്രക്കായ അകത്തെ മുറിയില്‍ വിരിച്ച പായയില്‍ പ രത്തുന്നത് ഞങ്ങളുടെ ജോലിയാണ്..എത്രയോ നീണ്ട കാര്യപരിപാടിയാണ് ഉപ്പേരി വറവ്?


വിജയദീപം വായനശാലയുടെ മുറ്റത്ത് ഓണദിവസങ്ങളിലെല്ലാം കൈകൊട്ടിക്കളീയുണ്ടാവും..
അന്ന് പാടിയിരുന്ന പാട്ടുകള്‍ ഈണത്തില്‍, താളത്തില്‍ ചൂണ്ടിലുണ്ട് ഇപ്പോഴും.."തൃശ്ശൂര്‍ നിന്നും കിഴക്ക് മാറി നടത്തറയെന്നോരു ദേശമുണ്ടു"..കാമുകന്‍ നടത്തറക്കാരനാണെന്നറിഞ്ഞപ്പോള്‍

ആദ്യം മനസ്സിലേക്ക് വന്നത് ഈ കൈകൊട്ടിക്കളിപ്പാട്ടാണ്..


പനമുക്കിലെ ഓണക്കാലഓര്‍മ്മകളില്‍ മുറ്റത്ത് പൂവിടുന്ന മൂന്നു കുട്ടികളുണ്ട്..വരാന്തയില്‍ നിന്നു അഭിപ്രായം പറയുന്ന അമ്മയുണ്ട്..പൂവിടാനായി പ്രത്യേകം അമ്മ നട്ടു നനച്ചിരുന്ന കാശിത്തുമ്പയും, ചെമ്പരത്തിയും,ചെത്തിയും,കോളാമ്പിയും,സെന്‍റുമല്ലിയും ഉണ്ട്..ഓണം വയ്ക്കാനായുള്ള തുംപപ്പൂവിനായുള്ള യാത്രകളുണ്ട്..ഉത്രാട സന്ധ്യയിലേ, അച്ചന്റെ തൃക്കാക്കരപ്പനെ പൂജിക്കലുണ്ട്.."ഉച്ചത്തില്‍ ആവേശത്തോടെയുള്ള "ആറാപ്പൂ" വിളികളുണ്ട്..

ഓണക്കോടികളും ഓണസദ്യകളും നിറവോടെ തെളിയുന്നുണ്ട്..


വിവാഹശേഷം, ഓണം അടുക്കളയിലെ ജോലിഭാരത്തിന്റേതായി..വയ്ക്കലിന്റെയും വിളമ്പലിന്റെയും മാത്രമായി..ചാനലുകളിലെ ഓണപരിപാടികള്‍ പുരുഷന്‍മാര്‍ക്ക് മാത്രമുള്ളതോ എന്ന രോഷത്തിന്റേതായി..തൃക്കാക്കരപ്പനെ ഒരുക്കലും,പൂജിക്കലും,ഓണം വയ്ക്കലുമെല്ലാം ബാധ്യതകളായി.."ആറാപ്പൂ" വിളിക്കാന്‍ കുട്ടികള്‍ ടിവിയുടെ മുന്നില്‍ നിന്നു വരാതെയായി..

ചേട്ടന്റെയും അനിയന്റെയും ഒപ്പം "ആറാപ്പൂ" വിളിച്ച് ആഹ്ളാദിച്ച പാവാടക്കാരി ഉള്ളില്‍ തേങ്ങി..


വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഉത്രാടരാത്രിയില്‍ ലഭിച്ചിരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം ശ്വാനമൂക്കെന്ന് പരിഹസിക്കപ്പെട്ടിരുന്ന മൂക്കിന് അന്യമായി..


ഈ ഓര്‍മ്മകളാണ് ഇപ്പോളെന്‍റെ ഓണാഘോഷം..