Sunday, October 16, 2016

ആദരാഞ്ജലി

തീവണ്ടിയിലെ തിരക്കില്‍
എന്റെ ഉറക്കത്തെ
മറന്നു വച്ചു..
കളഞ്ഞു കിട്ടിയവര്‍
തിരികെ തരും വരെ 
തിരയണം തീവണ്ടിയില്‍ ..
വാതില്‍ പുറത്തു പരന്നൊഴുകിയ
സൌമ്യയുടെ കണ്ണീരിന്നുള്ളില്‍ നിന്നു
ഉറക്കത്തെ കണ്ടെടുത്തു.
നനഞ്ഞു കുതിര്‍ന്ന ഉറക്കത്തെ
നിസ്സംഗതയുടെ അയയില്‍ ഉണങ്ങാനിട്ടു..

Tuesday, May 31, 2016

കൃഷിജീവിതം

വാടകവീടുകളിലായിരുന്നു ബാല്യം. സര്‍ക്കാരുദ്യോഗസ്ഥനായ അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കനുസരിച്ച് നാടും,വീടും,സുഹൃത്തുക്കളും മാറിമാറിയെത്തിയ ബാല്യം. ഒരു കുഞ്ഞ് കൃഷിയോര്‍മ്മ പോലുമില്ല. പത്താംക്ളാസ്സില്‍ പഠിക്കുമ്പോഴാണ് സ്വന്തം വീട്ടില്‍ താമസം തുടങ്ങുന്നത്. പത്താംക്ളാസ്സിലെ മാര്‍ക്കാണ് ജീവിതം തീരുമാനിക്കുന്നതെന്ന മൂഢ ധാരണയില്‍ പുസ്തകം ഭക്ഷിച്ച്, പുസ്തകത്തില്‍ ഉറങ്ങി, പുസ്തകത്തില്‍ ഉണര്‍ന്ന കാലത്ത് പഠനമല്ലാതെ മറ്റൊരു ചിന്ത ഉണ്ടായിരുന്നില്ല. എങ്കിലും പറമ്പില്‍ കുഴികള്‍ എടുക്കുന്നതും തെങ്ങിന്‍ തൈകള്‍ നടുന്നതും തൈച്ചുവട്ടില്‍ തുളയിട്ട മണ്‍കുടങ്ങളില്‍ വെള്ളം നിറച്ചു വയ്ക്കുന്നതും കാണാതെ കണ്ട കാഴ്ചകളായി. പഠനത്തിന്റെ തീവ്രതയില്‍ നിന്ന്‍ നേരെ ഇറങ്ങി നടന്നത് വിവാഹപ്പന്തലിലേയ്ക്ക്. ഫൈനല്‍ ഇയര്‍ പരീക്ഷയുടെ പിറ്റേന്നായിരുന്നു വിവാഹം.

സര്‍ക്കാരുദ്യോഗസ്ഥന്റെ ഇരുപതു സെന്റിലെ ജീവിതം പറിച്ചു നട്ടത് ഏക്കറുകളോളം ഭൂമിയുള്ള രാഷ്ട്രീയ ബിസിനസ് കുടുംബത്തിലേയ്ക്ക്. തെങ്ങും കവുങ്ങുമ് ജാതിയും വാഴയും കൊക്കോയും കുരുമുളകുമെല്ലാം അന്നത്തെ പത്തൊന്‍പത് കാരിയ്ക്ക് മധുവിധുവിന്റെ മധുരക്കാഴ്ചകളായി.

അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങുന്ന അണുകുടുംബത്തില്‍ നിന്ന്‍ കൂട്ടുകുടുംബത്തിലേയ്ക്ക് പ്രണയതോണിയില്‍ ഒഴുകിയെത്തിയതാണ് ഞാന്‍. എല്ലാ ചെറുതുകളില്‍ നിന്നും വലുതുകളിലേയ്ക്കുള്ള കൂടുമാറ്റം. തൊഴുത്തിലെ പശുക്കള്‍, മുറ്റത്ത് കൊത്തിപ്പെറുക്കുന്ന കോഴികള്‍, വീടകങ്ങളില്‍ ബഹളം കൂട്ടുന്ന കുട്ടികള്‍. അത്ഭുതലോകത്തെ ആലീസിന്റെ അമ്പരപ്പ്.

സൂര്യവെളിച്ചം മണ്ണിലെത്താത്ത പറമ്പിന്ന് അപ്പുറം വയലാണ്. വയലിനു ഓരോ കാലം ഓരോ നിറം. പച്ച,മഞ്ഞ,തവിട്ട്.കൊയ്ത്തുകാലമായാല്‍ അകത്തെ തളത്തില്‍ നെല്‍ക്കൂനയുണ്ടാകും. നെല്ല് കഴിഞ്ഞാല്‍ എള്ള് വിതയ്ക്കും. നാലുമണി പലഹാരം എള്ളുണ്ടയാകും. അമ്മ ഉണ്ടാക്കുന്ന എള്ളുണ്ടയ്ക്ക് ഒരു പ്രത്യേക സ്വാദുണ്ട്.

പറമ്പില്‍ എന്നും പണിക്കാരുണ്ടാകും. വീട്ടുകാരാരും പറമ്പില്‍ ഇറങ്ങാറില്ല. അടയ്ക്കയും ,ജാതിക്കയും പെറുക്കുന്നത് വരെ കല്യാണി, ലക്ഷ്മി തുടങ്ങിയ ജോലിക്കാര്‍ ആരെങ്കിലുമാവും.ഉണ്ടക്കണ്ണുകളാല്‍ അകത്തിരുന്ന് പുറംകാഴ്ചകള്‍ കണ്ടു ഞാന്‍. കൂട്ടുകുടുംബത്തിന്റെ അത്ഭുതലോകം അനുഭവിക്കാന്‍ സാധിച്ചത് വെറും മൂന്നു വര്ഷം.

നവോദയ സ്കൂള്‍ അധ്യാപികയായ് പിന്നീടുള്ള കാല്‍നൂറ്റാണ്ട്. മതില്‍ക്കെട്ടിനുള്ളിലെ ക്വാര്‍ട്ടേര്‍സ് ജീവിതം. നവോദയ സ്കൂളുകളുടെ ആരംഭകാലമായതിനാല്‍ ചെയ്യാനേറെ ഉണ്ടായിരുന്നു. പച്ചപ്പിനെ ഇഷ്ടപ്പെട്ടിരുന്ന മനസ്സ് കഠിനാധ്വാനം ചെയ്തു. കുട്ടികളെ മണ്ണിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു. മാതാപിതാക്കളില്‍ നിന്ന്‍ അടര്‍ത്തിമാറ്റപ്പെട്ട മനസ്സുകള്‍ക്ക് ചെടികളും പൂക്കളും മരങ്ങളും സാന്ത്വനമായി. ഓരോരുത്തര്‍ക്കും സ്വന്തമായി ചെടികളുണ്ടായി. അവരതിന് പേരിട്ടു. സ്നേഹിച്ചു. കണ്ടു പരിചയമില്ലാത്ത ഒരു പ്റാണിയെ കിട്ടിയാല്‍ പോലും അവര്‍ ഓടിയെത്തുക എന്റെ അടുത്തേയ്ക്കായിരുന്നു.

അധ്യാപികയായ് ജീവിച്ച കാംപസുകളിലെല്ലാം കുട്ടികളോടൊത്ത് നട്ടു പിടിപ്പിച്ച എത്രയെത്ര മരങ്ങള്‍? എനിക്കുള്ള ജീവനുള്ള സ്മാരകങ്ങള്‍.വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കാട്ടെ കാമ്പസില്‍ ചെന്നപ്പോള്‍ സ്കൂള്‍ മെസ്സിന്റെ പരിസരത്തെ മാവുകളില്‍ നിറയെ മാങ്ങകള്‍. ബധിരനും മൂകനുമായ മെസ് ജീവനക്കാരന്‍ വിജയന്‍ എന്റെ കൈ പിടിച്ച് മാവില്‍ തൊടുവിച്ചു. ആ മാവുകള്‍ എന്റെതാണെന്ന് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം മാഹിയിലെ ആബിന്റെ സങ്കടം എഫ്‌ബി യിലെ ചാറ്റ് ബോക്സില്‍. “മിസ് പോയതോടെ ഒന്നും ഇല്ലാതായി”

പച്ചപ്പിനോടുള്ള സ്നേഹം എന്നോടൊപ്പം വളരുകയായിരുന്നു. അപ്പോഴും വ്യക്തമായ ധാരണയില്ല. രൂപമില്ല. ആരൊക്കെയോ പറയുന്നതു പോലെ എന്തൊക്കെയോ ചെയ്യുന്നു ,അത്രമാത്രം. മാഹിയിലെ ക്വാര്‍ട്ടേര്‍സിലെ ഇത്തിരി ബാല്‍ക്കണിയില്‍ മുളകും തക്കാളിയും പയറുമെല്ലാം വിളഞ്ഞു. നഷ്ടപ്പെട്ട നാട്ടു ജീവിതത്തെ അങ്ങിനെയെങ്കിലും തിരിച്ചു പിടിക്കുകയായിരുന്നു.

ഇളയമകന്റെ നവോദയ ജീവിതം അവസാനിച്ചപ്പോള്‍ ഒരു വര്ഷം ലീവെടുത്ത് നാട്ടിലെത്തിയതാണ് ഇപ്പോഴത്തെ എന്റെ കൃഷി യാത്രയുടെ തുടക്കം. എന്റെ കാലടികള്‍ പറമ്പിലെ ഓരോ മണ്‍തരിയിലും പതിഞ്ഞു. ഓരോ ചെടിയും മരവും എന്റെ തലോടലിന്റെ ഊഷ്മളത അറിഞ്ഞു. ഒരു നുള്ള്‍ സ്ഥലം പോലും പാഴാക്കാത്ത രീതിയില്‍ പച്ചക്കറികള്‍ നട്ടു. അത് കൃഷിജീവിതത്തിന്റെ നേഴ്സറി കാലം. അധ്വാനത്തിന്റെ നാലിലൊന്ന് പോലും വിളവ് ഉണ്ടായില്ല. പക്ഷേ എനിക്കു ഒരു ഉന്‍മാദവസ്ഥ ആയിരുന്നു. മണ്‍കുടം തുറന്ന്‍ പുറത്തു വന്ന ഭൂതം പോലെ. പതുക്കെ പതുക്കെ കോഴികളായി,ആടുകളായി, താറാവുകളായി. എല്ലാ എഴുത്തും വായനയും മണ്ണിലായി. സ്കൂളിലെ കുട്ടികളെ മറക്കാനായി മറന്നു.ഇത്രയും സ്വസ്ഥതയും സന്തോഷവും മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല.

അതിവിശാലമായ പച്ചപ്പില്‍ നിന്നും മതിലുകള്‍ക്കുള്ളില്‍ മതിലുകളുള്ള സ്കൂളിലേയ്ക്ക് തിരിച്ചു പോവുക വയ്യ എന്ന അവസ്ഥ .അരലക്ഷത്തിനുമേല്‍ ശമ്പളമുള്ള ,ഇനിയും നീണ്ട പതിനഞ്ചു വര്‍ഷം സര്‍വീസുള്ള ജോലി രാജി വയ്ക്കുന്നതില്‍ എന്നെ സ്നേഹിക്കുന്നവര്‍ക്കാര്‍ക്കും ഭീന്നാഭിപ്രായം ഉണ്ടായില്ല. ഒരു ദിവസത്തെ മാനസിക സന്തോഷത്തിന് ഒരു വര്‍ഷത്തെ ശമ്പളം പകരം വച്ചാല്‍ പോലും മതിയാവില്ല.

ക്ളാസ്സ് കയറ്റം കിട്ടി, ഹൈസ്കൂളിലേയ്ക്ക്. എല്ലാ പച്ചക്കറികളും സ്വന്തമായി കൃഷി ചെയ്യുന്നുണ്ട്. മുന്പ്, ഫേസ്ബുക്ക് കുട്ടികളോടും സുഹൃത്തുക്കളോടും സംവദിക്കാനുള്ള ഒരു തലം മാത്രമായിരുന്നു. ഇന്നിപ്പോള്‍ എനിക്കത് കൃഷി അറിവുകള്‍ നേടാനും, വിളകള്‍ വിറ്റഴിക്കാനുമുള്ള വേദിയായി മാറി. ദീപന്‍ വെളമ്പത്തിനെ പോലുള്ള കൃഷി ഓഫീസേര്‍സും വിവിധ കൃഷിഭവന്റെ പേരിലുള്ള പോസ്റ്റുകളും ലഭ്യമാക്കുന്ന സേവനം വിലമതിക്കാനാവില്ല. ഈ കൃഷി അറിവുകള്‍ ലഭ്യമായതില്‍ മുഖ്യ പങ്ക് കൃഷിഭൂമിക്കാണ്. വ്യത്യസ്ഥ വിളകളെക്കുറിച്ച് വിശദമായുള്ള കിരണിന്റെ പോസ്റ്റുകളിലൂടെയാണ് കൃഷി പഠിച്ചത്. നാട്ടിലെ കൃഷിക്കാരില്‍ നിന്നും, വിവിധ കൃഷി ക്ളാസ്സുകളില്‍ നിന്നുമെല്ലാം കൂടുതല്‍ അറിയുന്നു. തികച്ചും ജൈവരീതിയില്‍ സ്വന്തമായുണ്ടാക്കിയ പച്ചക്കറികള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുമ്പോള്‍ നമുക്കുണ്ടാവുന്ന സംതൃപ്തി എത്രയോ വലുതാണ്. അത്രതന്നെ സംതൃപ്തി ലഭിക്കുന്നുണ്ട് എന്റെ കൃഷി പോസ്റ്റുകളില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ട് ധാരാളം പൂര്വ്വ വിദ്യാര്‍ഥികള്‍ കൃഷി തുടങ്ങി എന്നതും. കൃഷിഭൂമിയ്ക്ക് ഹൃദയത്തില്‍ ഖനനം ചെയ്ത നന്ദിയും സ്നേഹവും.

Sunday, March 9, 2014

കൃത്യത

ഉണര്‍ച്ചയ്ക്കും ഉറക്കത്തിനുമിടയില്‍ 
മടുപ്പിക്കുന്ന കൃത്യത...
എല്ലാ താളവും തെറ്റിക്കണം..
സമയസൂചികള്‍ ചലിക്കാതിരിക്കണം...
സൂര്യന്‍ പടിഞ്ഞാറുദിചോട്ടെ...
അസ്തമിക്കണമെന്ന് ആര്‍ക്ക് നിര്‍ബന്ധം?
വഴികളോരോന്നും വേര്‍പിരിഞ്ഞു 
ഇല്ലാതായെങ്കില്‍?
ഒരു വഴി ആകാശത്തേയ്ക്ക് തുറക്കട്ടെ...
ഒന്നു കടലിലേയ്ക്കും...
ഉടല്‍ പകുത്ത് പറക്കാം..ഒഴുകാം...

Tuesday, March 4, 2014

.സത്യമായ നുണകള്‍

നുണ നുണഞ്ഞപ്പോള്‍
കണ്ണുകള്‍ നിറഞ്ഞു..
മനമൊഴിഞ്ഞു.
നുണകള്‍ക്ക് മിഠായിമധുരമല്ല,
ഭൂതകാലത്തിന്റെ 
തീച്ചൂടാണ്;
പെയ്തൊഴിഞ്ഞ സങ്കടങ്ങളുടെ 
മടക്കമാണ്.
ഞാന്‍ മരിക്കുമ്പോള്‍ 
ആദ്യം പറഞ്ഞ നുണയാലൊരു റീത്ത് 
പാദത്തില്‍ വയ്ക്കണം..
രണ്ടാമത്തെ നുണ കൊണ്ടുള്ളത്
ശിരസ്സിന് തൊട്ട് താഴെ..
ദേഹം മുഴുവന്‍ മൂടിയാലും
ബാക്കിയാവും നുണ റീത്തുകള്‍...
നീ പറഞ്ഞ നുണകളില്‍
പൊതിഞ്ഞു വചെന്നെ കത്തിക്കുക.
അവളെന്‍റെ ആരുമല്ലെന്നൊരു
സത്യം പറയുക..

Sunday, September 29, 2013

മറക്കുന്നില്ല ഓര്മ്മ കള്‍പാലക്കാട് നവോദയ വിദ്യാലയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ അന്ന്‍ രാത്രി ഉറക്കത്തിന്റേതായിരുന്നില്ല; ഓര്‍മ്മകളുടേതായിരുന്നു.പെരുമഴ പെയ്യുന്ന പാതിരാവില്‍ പഴയ ഓഫീസ് കെട്ടിടത്തിന്റെ മുന്നിലെ ആല്‍ച്ചുവട്ടില്‍ പകച്ചു നില്‍ക്കുകയായിരുന്നു..ആദ്യമായി സ്കൂളില്‍ പോകുന്ന കുട്ടിയുടെ അമ്പരപ്പോടെ.

പോസ്റ്റ് ഡിപ്ളോമ പഠനം തീരുന്നതും ആദ്യമായി അഭിമുഖീകരിച്ച ഇന്‍റര്‍വ്യൂവില്‍ തിരഞ്ഞെടുക്കപ്പെടുന്നതും 91 ഡിസംബറില്‍ ആണ്. ഭര്‍തൃവീട്ടിലായിരുന്ന എന്നെ നിനക്കൊരു registered letter ഉണ്ടെന്ന് പോസ്റ്റ്മാന്‍ പറഞ്ഞു എന്ന്‍ അമ്മ വിളിച്ചറിയിച്ചപ്പോള്‍ തന്നെ appointment letter ആകും എന്നൂഹിച്ചിരുന്നു. ഇന്‍റര്‍വ്യുവിനായി നടത്തിയ ബാംഗ്ളൂര്‍ യാത്രയുടെ ഹാങോവറിലായിരുന്നു, അപ്പോഴും ഞങ്ങള്‍. നെടുപുഴ പോസ്റ്റോഫീസിന്റെ മുകളിലത്തെ പടിയില്‍ നിന്ന്‍ കവര്‍ ഒപ്പിട്ടു വാങ്ങി , താഴെ ബൈക്കിലിരിക്കുന്ന അജിയുടെ കൈയില്‍ കൊടുത്ത് കണ്ണടച്ച് നിന്നു, ഞാന്‍ . മലമ്പുഴയാണ് പോസ്റ്റിങ് എന്നറിഞ്ഞപ്പോള്‍ ആശ്ചര്യവും സന്തോഷവും നിറഞ്ഞു. വീടിന് ഏറ്റവും അടുത്തുള്ള നവോദയ സ്കൂള്‍.
തൊട്ടടുത്ത ദിവസം തന്നെ അജിയും ഞാനും സന്തതസഹചാരിയായ ബുള്ളറ്റില്‍ മലമ്പുഴ നവോദയ ലക്ഷ്യമാക്കി യാത്ര തിരിച്ചു. പൊട്ടിച്ചിരിച്ച്, പാട്ടുപാടി, ചേര്‍ന്നിരുന്നൊരു കുടു കുടു യാത്ര. മലമ്പുഴ ഡാമിലേയ്ക്കുള്ള വഴിയില്‍ നിന്ന്‍ സ്കൂള്‍ ബോര്‍ഡ് കണ്ട ചെറിയ വഴിയേ വണ്ടി തിരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും മഞ്ഞ പൂശിയ സര്‍ക്കാര്‍  ക്വാര്‍ട്ടേഴ്സുകള്‍. ഇടയ്ക്കൊരു സ്കൂള്‍ കെട്ടിടം. അത് സ്റ്റേറ്റ് സ്കൂള്‍. വീണ്ടും യാത്ര. മുന്നില്‍ ഒരു  മൈതാനം...പുഴ..നീണ്ട പാളങ്ങള്‍....ഇനി അങ്ങോട്ട് പാതയില്ല...വഴി തെറ്റിയോ? ശകടം തിരിച്ചു; വന്ന വഴിയേ. ആദ്യം കണ്ട സ്റ്റേറ്റ് സ്കൂളിനടുത്ത് വഴിയരികിലൂടെ കഷണ്ടിതലയും. കൊമ്പന്‍മീശയും, ഒത്ത ഉയരവുമുള്ള ഒരു മധ്യവയസ്കന്‍ പെട്ടിയും തൂക്കി നടന്നു പോകുന്നു. വെള്ള ഷര്‍ട്ടും,കറുത്ത പാന്റും. അദേഹത്തിന്നടുത്ത് വണ്ടി നിര്‍ത്തി നവോദയ സ്കൂള്‍ എവിടെയാണ് എന്നന്വേഷിച്ചു. “ആരാണ്, എന്താണ്” എന്നീ മറുചോദ്യങ്ങള്‍ക്കപ്പുറം “ഞാന്‍ അവിടത്തെ പ്രിന്‍സിപ്പലാണ്” എന്ന ആശ്വാസവാചകം. വേലുസാറുമായുള്ള ആദ്യ കൂടിക്കാഴ്ച ആ റോഡരികില്‍ നിന്ന്‍ മന്തക്കാട്ടെ ആല്‍ച്ചുവട്ടിലെ ചെറിയ ഹോട്ടലിലേയ്ക്ക് നീണ്ടു. എന്നെ ആദ്യം മാഡം എന്നു വിളിച്ചത് വേലു സാറാണ്. ഇരുപത്തിരണ്ടു വയസ്സുകാരി അതോടെ ടീച്ചറായി...

രണ്ടു ക്വാര്‍ട്ടേര്‍സും മാമരങ്ങളും ഒരു ഓലഷെഡുമുള്ള മഹാസ്ഥാപനം ഞങ്ങള്‍ക്ക് മുന്നില്‍ ഒളിച്ചുകളിച്ചത് ഡിസംബറിലെ അവധിക്കാലം ആയത് കൊണ്ടാണ്. ഒരു സ്കൂള്‍ കെട്ടിടത്തിന്റെ രൂപഭാവങ്ങളൊന്നും ഇല്ലെങ്കിലും വിദ്യാര്‍ത്തികളുണ്ടായിരുന്നെങ്കില്‍ തിരിച്ചറിയപ്പെടാതെ പോകില്ലായിരുന്നു...ഇന്നും വിദ്യാര്‍ഥികളില്ലാത്ത കാമ്പസിനെ ഭയമാണ്; ഒരു മൌനരാക്ഷസനെ പ്പോലെ...

ആദ്യത്തെ ഇന്‍റര്‍വ്യു , ആദ്യത്തെ ജോലി, എല്ലാം ആദ്യാനുഭവങ്ങളായിരുന്നു. എന്നെ സ്കൂളിലാക്കി മടങ്ങുന്ന അജിയെ കാഴ്ച തീരും വരെ നോക്കി നില്‍ക്കുമ്പോള്‍ പുറകില്‍ വേലു സര്‍ ഉണ്ടെന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. കുറച്ചു നടന്നു തിരിഞു നോക്കിയ അജിയോട് ‘ Don’t worry.. We all are here’ എന്നു ഒരു പിതാവിന്റെ ഉത്തരവാദിത്വത്തോടെ സ ര്‍  പറഞ്ഞു.

ഒരു ടീച്ചര്‍ ആവുക എന്നതായിരുന്നു സ്കൂള്‍ വിദ്യാഭ്യാസകാലത്തെ ആഗ്രഹം. ഒരു ഇന്‍സ്പെക്ഷന്‍ കാലത്ത് “ആരാവണം എന്നാണാഗ്രഹം” എന്ന AEO യുടെ ചോദ്യത്തിന് ക്ലാസ്സിലെ കൊച്ചു മിടുക്കി “ടീച്ചര്‍” എന്ന്‍ സന്ദേഹമെന്യേ പറഞ്ഞു...സ്റ്റാഫ്റൂമില്‍ വിളിച്ച് വരുത്തി പ്രിയപ്പെട്ട കണക്ക് ടീച്ചര്‍ “എന്തുകൊണ്ട് ഡോക്ടറാവണം എന്നു പറഞ്ഞില്ല?” എന്ന്‍ ശകാരിച്ചു..എന്റെ സ്വപ്നങ്ങളില്‍ എവിടേയും ഒരു ഡോക്ട ര്‍  ഉണ്ടായിരുന്നില്ല. ഇന്ന്‍ സഹോദരന്റെ മകള്‍ ദുര്‍ഗ്ഗ ടീച്ചറായി ഞങ്ങളെയെല്ലാം സ്റ്റുഡന്‍റ്സ് ആക്കി അഭിനയിക്കുമ്പോള്‍ അവളില്‍ ഞാന്‍ എന്റെ ബാല്യത്തെ അറിയുന്നു. പിന്നീട് വായനയും, രാഷ്ട്രീയവും, ചിന്തകളും അസ്വസ്ഥമാക്കിയ കൌമാരത്തില്‍ എത്രയും പെട്ടെന്ന് ജോലി നേടുക എന്നത് മാത്രമായി ലക്ഷ്യം. സാങ്കേതിക പഠനം തിരഞ്ഞെടുത്തത് അതുകൊണ്ടു മാത്രം. ലക്ഷ്യം ചെറുതായി..മാര്‍ഗ്ഗം പിഴച്ചു എന്നൊക്കെ പിന്നീട് പലപ്പോഴും വേദനിച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടും ഒടുവില്‍ ഞാന്‍ ടീച്ചറായി. പഠിച്ചതല്ല പഠിപ്പിക്കുന്നത് എന്നു സങ്കടപ്പെട്ടിട്ടേയില്ല. എന്തുകൊണ്ടെന്നാല്‍ ഒരു ഫാക്ടറിയിലെ ജീവനില്ലാത്ത വസ്തുക്കളേക്കാള്‍ വര്‍ണവൈവിധ്യങ്ങളുള്ള വിദ്യാര്‍ഥികളുടെ ലോകത്തെ ഞാന്‍ ഇഷ്ടപ്പെട്ടു. പഠിച്ചത് പഠിപ്പിക്കുന്നതിന് പകരം പഠിപ്പിക്കാനായി പഠിച്ചുകൊണ്ടിരുന്നു. പഠിച്ചതധികവും വിദ്യാര്‍ത്തികളില്‍ നിന്നു തന്നെ.

മലമ്പുഴ നവോദയയിലെ ഓരോ ദിവസവും പുതുതായി എന്തെങ്കിലും സമ്മാനിച്ചിരുന്നു..കാമ്പസില്‍ ജീവിതമുണ്ടായിരുന്നു...കാര്‍ഷെഡ്ഡിലെ ക്ളാസ് റൂം, ഓടിളകി വീഴുന്ന കെട്ടിടങ്ങള്‍, കട്ടിലില്‍ പെയ്തിറങ്ങുന്ന മഴയ്ക്കായി കാത്തു വയ്ക്കുന്ന ബക്കറ്റുകള്‍, കാറ്റ് വീശുമ്പോള്‍ മാങ്ങ പെറുക്കാനായി ക്ളാസ് വിട്ടോടുന്ന കുട്ടികള്‍, കുട്ടികളെ കുളിക്കാന്‍ പുഴയില്‍ കൊണ്ടുപോകുന്ന അദ്ധ്യാപകര്‍...ദുരിതങ്ങളും കഷ്ടപ്പാടുകളും ആത്മബന്ധങ്ങളുടെ പൂച്ചില്ലകള്‍ വിടര്‍ത്തി. പാലക്കാടെ കുട്ടികളും അന്നത്തെ സഹപ്രവര്‍ത്തകരും അത്രയേറെ പ്രിയപ്പെട്ടവരായത് മറ്റൊന്നു കൊണ്ടും അല്ല.

22ആമത്തെ വയസ്സില്‍ , അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോള്‍ ആദ്യമായി അച്ഛനമ്മമാരെ പിരിഞ്ഞ് സ്കൂളില്‍ ചേരാനെത്തിയ കുട്ടിയുടെ അതേ ആശങ്കകളും,കൌതുകവും,സങ്കടവുമായിരുന്നു എനിക്കും. എത്ര പെട്ടെന്നാണ്  കാമ്പസിലെ ഓരോ കുട്ടിയും. ഓരോ മണ്‍തരിയും ,ഓരോ  ജീവജാലങ്ങളും അവിടെ നിറഞ്ഞിരുന്ന വായു  പോലും എന്‍റേതാണെന്ന മാനസികാവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ മാറിയത്? ആ ഒരു ഫീലിങ് പിന്നീട് ജോലി ചെയ്തിടങ്ങളില്‍ ഒന്നും ഉണ്ടായിട്ടില്ല..92 മുതല്‍ 2002 വരെയുള്ള പത്താണ്ടുകളിലേയ്ക്ക് പിന്തിരിയുമ്പോള്‍ എന്തെന്ത് ഓര്‍മ്മകള്‍? എത്രയെത്ര മുഖങ്ങള്‍? വരച്ചു തീര്‍ക്കാനാവാത്തത്ര ഓര്‍മ്മച്ചിത്രങ്ങള്‍..

ഞാന്‍ join ചെയ്യുമ്പോള്‍ ഒമ്പതാം ക്ളാസിലായിരുന്ന അന്നത്തെ electricians മോഹനും അനിലുമടങ്ങുന്ന സംഘം ഇന്ന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയിനിയെ കാണാന്‍ എന്നെ കൂട്ടിക്കൊണ്ടു പോയ അനില്‍ V R, സ്കൂളില്‍ അഡ്ജസ്റ്റ് ചെയ്യുന്നത് വരെയും എന്റെ ക്വാര്‍ടെര്‍സിലും supw മുറിയിലും ചുറ്റിപ്പറ്റി നിന്നിരുന്ന രമേഷ്, അമ്മേ എന്ന്‍ വിളിച്ചോട്ടെ എന്നു ചോദിച്ച മനു, ഒരിക്കല്‍ കവിളില്‍ ഒരുമ്മ തന്നു ഓടിപ്പോയ ശബ്ന, എന്റെ കൈ പൊള്ളിയപ്പോള്‍ സ്വന്തം ബാഗിലുണ്ടായിരുന്ന മരുന്ന്‍ തപ്പിയെടുത്ത് പുരട്ടി തന്ന ഏഴാം ക്ളാസുകാരി ഷീന...ഹൃദയത്തില്‍ നിറയുന്ന സ്നേഹ വല്‍സല്യങ്ങളോടെയേ എനിക്കാ കാമ്പസിലൂടെ കയറിയിറങ്ങി നടക്കാനാവൂ...

കൂട്ടത്തില്‍ നെഞ്ച് പൊട്ടുന്ന വേദനയോടെ രണ്ടു മുഖങ്ങള്‍...-- ,സരിതയും ഷീബയും. സരിതയുടെ മരണത്തോടനുബന്ധിച്ച് അന്നത്തെ പന്ത്രണ്ടാം  ക്ളാസ്സ് കുട്ടികള്‍ ,മോഹനും അനൂപും രഘുവുമൊക്കെ കാണിച്ച പക്വത പരാമര്‍ശിക്കാതെ വയ്യ. കൂട്ടത്തിലൊരാള്‍ ഇല്ലാതായ ദു:ഖം ഉള്ളിലടക്കി അദ്ധ്യാപകരെ ആശ്വസിപ്പിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കാന്‍?
ഷീബയടക്കമുള്ള 35 പെണ്‍കുട്ടികളും എന്റെ കുടുംബവും ഒരു കെട്ടിടത്തിലാണ് ഒന്നര വര്‍ഷത്തോളം ജീവിച്ചത്. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ മുന്നിലെ കാര്‍പോര്‍ച്ചില്‍ നടത്താറുള്ള കള്‍ച്ചറല്‍ പ്രോഗ്രാം മതില്‍ക്കെട്ടിനുള്ളില്‍ അടച്ചിടപ്പെട്ട കുട്ടികള്‍ക്ക് ഇതൊക്കെ എങ്ങിനെ സാധിക്കുന്നു എന്ന്‍ അതിശയിപ്പിക്കുന്നതായിരുന്നു.നെഞ്ചോളം കയറ്റി പാവാടയിട്ട ചുരുണ്ട മുടിക്കാരി ഷീബ ഇന്നും കണ്ണിലുണ്ട്. കോയംപത്തൂരെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ‘ആ പച്ച ടാപ്പില്‍ വെള്ളമുണ്ട്. എടുത്തു തരുമോ അങ്കിളെ’ എന്ന അജിയോടുള്ള ചോദ്യം ഇപ്പൊഴും കാതിലുണ്ട്. ദാമോദരേട്ടന്‍, പ്രേമ ചേച്ചി, ഡേവിസ് സര്‍, സുരേഷ് സര്‍ ...കാമ്പസ് മരണങ്ങള്‍ ഒരുപാട് കണ്ടു.

ജീവനക്കാരുടെ കണ്ണിലൂടെ വളര്‍ന്ന് വലുതായി; കുട്ടികളും സ്കൂളും. പരാധീനതകള്‍ ഒടുങ്ങി. കെട്ടിടങ്ങള്‍ പല രൂപഭാവങ്ങളില്‍ പണിതുയര്‍ക്കപ്പെട്ടു. റോഡുകളായി...വഴിവിളക്കുകളായി...പഴമയെ ഇഷ്ടപ്പെടുന്ന ഒരു വിഡ്ഡിമനസ്സിന്നുടമയായത് കൊണ്ടോ എന്തോ, വികസനത്തിലേയ്ക്കുള്ള വഴിമദ്ധ്യേ എന്തൊക്കെയോ കൈമോശം വന്നത് പോലെ...ഒരുപക്ഷേ കാലം സമ്മാനിച്ച അനിവാര്യതകളാവാം...വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കാമ്പസില്‍ ചെന്നപ്പോള്‍ മുറിച്ച് മാറ്റപ്പെട്ട വന്മരങ്ങള്‍ വല്ലാത്ത അസ്വസ്ഥതയായി..

സാങ്കേതിക വിദ്യാഭ്യാസം മാത്രമായിരുന്നു മാനദണ്ഡം എന്നത് കൊണ്ട് ,സാധാരണ മറ്റ് അദ്ധ്യാപകരുടെ പോലെ കുട്ടികളുടെ മന:ശാസ്ത്രം പഠിച്ചിട്ടല്ല ഞാന്‍ അധ്യാപിക ആയത്. പ്രായത്തിന്റെ അപക്വതയും, അനുഭവസമ്പത്തിന്റെ അഭാവവും, supw എന്നതിന് കൃത്യമായ ഒരു നിര്‍വ്വചനം നവോദയ വിദ്യാലയ സമിതിയ്ക്ക് ഇല്ലാതിരുന്നതും അന്നത്തെ എന്നെ ഒരു മോശം അധ്യാപികയാക്കി എന്നതാണ് എന്റെ തിരിച്ചറിവ്. വിദ്യാര്‍ഥികളുടെ കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരുന്നു. തങ്ങളുടേതായ അച്ചടക്കം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന അധ്യാപക പൊതുസമൂഹത്തിന്റെ ഭാഗമായിരുന്നു ,ഞാനും.  വര്‍ഷങ്ങളായി മാസത്തിലൊരിക്കലെങ്കിലും വിദേശത്തു നിന്നും എന്നെ വിളിക്കാറുള്ള ആദ്യ ബാച്ചിലെ സതീഷ്. കുറച്ചു നാള്‍ മുന്പ് മുതല്‍ പതിവായി വിളിക്കുന്ന ശബരീഷ്, മാഡത്തിന് എന്നെ പിടികിട്ടിയോ എന്ന്‍ ചോദിക്കുന്ന കൃഷ്ണരാജ്..വിളിക്കുംപോഴൊക്കെ മണിക്കൂറുകളോളം സംസാരിക്കുന്ന ജേക്കബ്..fbയിലൂടെ ഒരു സുഹൃത്തായി പരിഗണിക്കുന്ന സജീവ്, വിപിന്‍, അബിദ്, രെമണ്‍, ഉട്ടോപ്യന്‍. എന്നെ ഓര്‍മ്മിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമെന്തെന്ന് ഈയുള്ളവള്‍ അതിശയിക്കുന്നു.

തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും വ്യക്തികളാണെന്നും അവരുടെ കാഴ്ചപ്പാടിലൂടെ പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ടെന്നും മനസ്സിലാക്കാന്‍ വീണ്ടും  വര്‍ഷങ്ങള്‍ വേണ്ടിവന്നു...പാലക്കാടെ കുട്ടികളാണ് എന്റെ ഗുരുക്കന്മാര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. ഇന്നത്തെ  ഞാനും അന്നത്തെ കുട്ടികളും ചേര്‍ന്ന് വീണ്ടുമൊരു അധ്യയനകാലം വൃഥാ ആശിക്കുന്നത് ഒരു പാശ്ചാതാപചിന്ത തന്നെയാണ്. പ്രായശ്ചിത്തം ചെയ്യാന്‍ ഒരു മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ. ഇപ്പോഴത്തെ വിദ്യാര്‍ഥികളെ വ്യക്തികളായി കാണുക. ഹൃദയം കൊണ്ട് മനസ്സിലാക്കുക..സ്നേഹിക്കുക....


Saturday, July 27, 2013

പേരില്ല...

ഭാര്യയുടെ പേരുകള്‍
കാമുകിമാര്‍ പകുത്തെടുത്തു.

കടമെടുത്ത പേരുകളില്‍
കാമുകിമാര്‍ കടലായി...

പേരില്ലാതെ,പ്രേമമില്ലാതെ
പെരുമഴയില്‍ പെയ്ത പെണ്ണ്‍
കടലത്രയും കുടിച്ചു വറ്റിച്ചു.

കടല്‍ക്കരയില്‍ കാത്തുനിന്നവന്‍
പേരുകള്‍ മറന്നു..

Friday, March 8, 2013

കല്ലുമ്മക്കായത്രിവര്‍ണ്ണ സൌന്ദര്യവും,
ഉരുക്കിന്നുറപ്പുമുള്ള പുറന്തോട് ..

കാമാര്‍ത്തിയുടെ 
അഗ്നിചൂടില്‍ പൊട്ടിപ്പിളര്‍ന്നപ്പോള്‍ 
പൂമ്പാറ്റ പോലൊരു മൃദു യോനി
ചിരി തൂകി കണ്‍മിഴിച്ചു..

ഞാനാദ്യം രോമരാജി
അറുത്തു മാറ്റി.
സ്നേഹവായ്പ്പോടെ കഴുകി തുടച്ചു.
ചുംബിച്ചു ചുവപ്പിച്ചു...

പിന്നെ തീയില്‍ വെന്തു 
പതിവ്രതയെന്ന് ബോധിപ്പിക്കാന്‍ 
കല്‍പ്പിച്ചു..


പ്ലേറ്റിലേയ്ക്ക് പകരുന്ന 
പതിവ്രതകളെ മോഹിച്ച 
എനിക്കു മുന്നില്‍ പൂമ്പാറ്റകള്‍
പറന്നുയര്‍ന്നു..