വാടകവീടുകളിലായിരുന്നു ബാല്യം. സര്‍ക്കാരുദ്യോഗസ്ഥനായ അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കനുസരിച്ച് നാടും,വീടും,സുഹൃത്തുക്കളും മാറിമാറിയെത്തിയ ബാല്യം. ഒരു കുഞ്ഞ് കൃഷിയോര്‍മ്മ പോലുമില്ല. പത്താംക്ളാസ്സില്‍ പഠിക്കുമ്പോഴാണ് സ്വന്തം വീട്ടില്‍ താമസം തുടങ്ങുന്നത്. പത്താംക്ളാസ്സിലെ മാര്‍ക്കാണ് ജീവിതം തീരുമാനിക്കുന്നതെന്ന മൂഢ ധാരണയില്‍ പുസ്തകം ഭക്ഷിച്ച്, പുസ്തകത്തില്‍ ഉറങ്ങി, പുസ്തകത്തില്‍ ഉണര്‍ന്ന കാലത്ത് പഠനമല്ലാതെ മറ്റൊരു ചിന്ത ഉണ്ടായിരുന്നില്ല. എങ്കിലും പറമ്പില്‍ കുഴികള്‍ എടുക്കുന്നതും തെങ്ങിന്‍ തൈകള്‍ നടുന്നതും തൈച്ചുവട്ടില്‍ തുളയിട്ട മണ്‍കുടങ്ങളില്‍ വെള്ളം നിറച്ചു വയ്ക്കുന്നതും കാണാതെ കണ്ട കാഴ്ചകളായി. പഠനത്തിന്റെ തീവ്രതയില്‍ നിന്ന്‍ നേരെ ഇറങ്ങി നടന്നത് വിവാഹപ്പന്തലിലേയ്ക്ക്. ഫൈനല്‍ ഇയര്‍ പരീക്ഷയുടെ പിറ്റേന്നായിരുന്നു വിവാഹം.
സര്‍ക്കാരുദ്യോഗസ്ഥന്റെ ഇരുപതു സെന്റിലെ ജീവിതം പറിച്ചു നട്ടത് ഏക്കറുകളോളം ഭൂമിയുള്ള രാഷ്ട്രീയ ബിസിനസ് കുടുംബത്തിലേയ്ക്ക്. തെങ്ങും കവുങ്ങുമ് ജാതിയും വാഴയും കൊക്കോയും കുരുമുളകുമെല്ലാം അന്നത്തെ പത്തൊന്‍പത് കാരിയ്ക്ക് മധുവിധുവിന്റെ മധുരക്കാഴ്ചകളായി.
അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങുന്ന അണുകുടുംബത്തില്‍ നിന്ന്‍ കൂട്ടുകുടുംബത്തിലേയ്ക്ക് പ്രണയതോണിയില്‍ ഒഴുകിയെത്തിയതാണ് ഞാന്‍. എല്ലാ ചെറുതുകളില്‍ നിന്നും വലുതുകളിലേയ്ക്കുള്ള കൂടുമാറ്റം. തൊഴുത്തിലെ പശുക്കള്‍, മുറ്റത്ത് കൊത്തിപ്പെറുക്കുന്ന കോഴികള്‍, വീടകങ്ങളില്‍ ബഹളം കൂട്ടുന്ന കുട്ടികള്‍. അത്ഭുതലോകത്തെ ആലീസിന്റെ അമ്പരപ്പ്.
സൂര്യവെളിച്ചം മണ്ണിലെത്താത്ത പറമ്പിന്ന് അപ്പുറം വയലാണ്. വയലിനു ഓരോ കാലം ഓരോ നിറം. പച്ച,മഞ്ഞ,തവിട്ട്.കൊയ്ത്തുകാലമായാല്‍ അകത്തെ തളത്തില്‍ നെല്‍ക്കൂനയുണ്ടാകും. നെല്ല് കഴിഞ്ഞാല്‍ എള്ള് വിതയ്ക്കും. നാലുമണി പലഹാരം എള്ളുണ്ടയാകും. അമ്മ ഉണ്ടാക്കുന്ന എള്ളുണ്ടയ്ക്ക് ഒരു പ്രത്യേക സ്വാദുണ്ട്.
പറമ്പില്‍ എന്നും പണിക്കാരുണ്ടാകും. വീട്ടുകാരാരും പറമ്പില്‍ ഇറങ്ങാറില്ല. അടയ്ക്കയും ,ജാതിക്കയും പെറുക്കുന്നത് വരെ കല്യാണി, ലക്ഷ്മി തുടങ്ങിയ ജോലിക്കാര്‍ ആരെങ്കിലുമാവും.ഉണ്ടക്കണ്ണുകളാല്‍ അകത്തിരുന്ന് പുറംകാഴ്ചകള്‍ കണ്ടു ഞാന്‍. കൂട്ടുകുടുംബത്തിന്റെ അത്ഭുതലോകം അനുഭവിക്കാന്‍ സാധിച്ചത് വെറും മൂന്നു വര്ഷം.
നവോദയ സ്കൂള്‍ അധ്യാപികയായ് പിന്നീടുള്ള കാല്‍നൂറ്റാണ്ട്. മതില്‍ക്കെട്ടിനുള്ളിലെ ക്വാര്‍ട്ടേര്‍സ് ജീവിതം. നവോദയ സ്കൂളുകളുടെ ആരംഭകാലമായതിനാല്‍ ചെയ്യാനേറെ ഉണ്ടായിരുന്നു. പച്ചപ്പിനെ ഇഷ്ടപ്പെട്ടിരുന്ന മനസ്സ് കഠിനാധ്വാനം ചെയ്തു. കുട്ടികളെ മണ്ണിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു. മാതാപിതാക്കളില്‍ നിന്ന്‍ അടര്‍ത്തിമാറ്റപ്പെട്ട മനസ്സുകള്‍ക്ക് ചെടികളും പൂക്കളും മരങ്ങളും സാന്ത്വനമായി. ഓരോരുത്തര്‍ക്കും സ്വന്തമായി ചെടികളുണ്ടായി. അവരതിന് പേരിട്ടു. സ്നേഹിച്ചു. കണ്ടു പരിചയമില്ലാത്ത ഒരു പ്റാണിയെ കിട്ടിയാല്‍ പോലും അവര്‍ ഓടിയെത്തുക എന്റെ അടുത്തേയ്ക്കായിരുന്നു.
അധ്യാപികയായ് ജീവിച്ച കാംപസുകളിലെല്ലാം കുട്ടികളോടൊത്ത് നട്ടു പിടിപ്പിച്ച എത്രയെത്ര മരങ്ങള്‍? എനിക്കുള്ള ജീവനുള്ള സ്മാരകങ്ങള്‍.വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കാട്ടെ കാമ്പസില്‍ ചെന്നപ്പോള്‍ സ്കൂള്‍ മെസ്സിന്റെ പരിസരത്തെ മാവുകളില്‍ നിറയെ മാങ്ങകള്‍. ബധിരനും മൂകനുമായ മെസ് ജീവനക്കാരന്‍ വിജയന്‍ എന്റെ കൈ പിടിച്ച് മാവില്‍ തൊടുവിച്ചു. ആ മാവുകള്‍ എന്റെതാണെന്ന് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം മാഹിയിലെ ആബിന്റെ സങ്കടം എഫ്‌ബി യിലെ ചാറ്റ് ബോക്സില്‍. “മിസ് പോയതോടെ ഒന്നും ഇല്ലാതായി”
പച്ചപ്പിനോടുള്ള സ്നേഹം എന്നോടൊപ്പം വളരുകയായിരുന്നു. അപ്പോഴും വ്യക്തമായ ധാരണയില്ല. രൂപമില്ല. ആരൊക്കെയോ പറയുന്നതു പോലെ എന്തൊക്കെയോ ചെയ്യുന്നു ,അത്രമാത്രം. മാഹിയിലെ ക്വാര്‍ട്ടേര്‍സിലെ ഇത്തിരി ബാല്‍ക്കണിയില്‍ മുളകും തക്കാളിയും പയറുമെല്ലാം വിളഞ്ഞു. നഷ്ടപ്പെട്ട നാട്ടു ജീവിതത്തെ അങ്ങിനെയെങ്കിലും തിരിച്ചു പിടിക്കുകയായിരുന്നു.
ഇളയമകന്റെ നവോദയ ജീവിതം അവസാനിച്ചപ്പോള്‍ ഒരു വര്ഷം ലീവെടുത്ത് നാട്ടിലെത്തിയതാണ് ഇപ്പോഴത്തെ എന്റെ കൃഷി യാത്രയുടെ തുടക്കം. എന്റെ കാലടികള്‍ പറമ്പിലെ ഓരോ മണ്‍തരിയിലും പതിഞ്ഞു. ഓരോ ചെടിയും മരവും എന്റെ തലോടലിന്റെ ഊഷ്മളത അറിഞ്ഞു. ഒരു നുള്ള്‍ സ്ഥലം പോലും പാഴാക്കാത്ത രീതിയില്‍ പച്ചക്കറികള്‍ നട്ടു. അത് കൃഷിജീവിതത്തിന്റെ നേഴ്സറി കാലം. അധ്വാനത്തിന്റെ നാലിലൊന്ന് പോലും വിളവ് ഉണ്ടായില്ല. പക്ഷേ എനിക്കു ഒരു ഉന്‍മാദവസ്ഥ ആയിരുന്നു. മണ്‍കുടം തുറന്ന്‍ പുറത്തു വന്ന ഭൂതം പോലെ. പതുക്കെ പതുക്കെ കോഴികളായി,ആടുകളായി, താറാവുകളായി. എല്ലാ എഴുത്തും വായനയും മണ്ണിലായി. സ്കൂളിലെ കുട്ടികളെ മറക്കാനായി മറന്നു.ഇത്രയും സ്വസ്ഥതയും സന്തോഷവും മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല.
അതിവിശാലമായ പച്ചപ്പില്‍ നിന്നും മതിലുകള്‍ക്കുള്ളില്‍ മതിലുകളുള്ള സ്കൂളിലേയ്ക്ക് തിരിച്ചു പോവുക വയ്യ എന്ന അവസ്ഥ .അരലക്ഷത്തിനുമേല്‍ ശമ്പളമുള്ള ,ഇനിയും നീണ്ട പതിനഞ്ചു വര്‍ഷം സര്‍വീസുള്ള ജോലി രാജി വയ്ക്കുന്നതില്‍ എന്നെ സ്നേഹിക്കുന്നവര്‍ക്കാര്‍ക്കും ഭീന്നാഭിപ്രായം ഉണ്ടായില്ല. ഒരു ദിവസത്തെ മാനസിക സന്തോഷത്തിന് ഒരു വര്‍ഷത്തെ ശമ്പളം പകരം വച്ചാല്‍ പോലും മതിയാവില്ല.
ക്ളാസ്സ് കയറ്റം കിട്ടി, ഹൈസ്കൂളിലേയ്ക്ക്. എല്ലാ പച്ചക്കറികളും സ്വന്തമായി കൃഷി ചെയ്യുന്നുണ്ട്. മുന്പ്, ഫേസ്ബുക്ക് കുട്ടികളോടും സുഹൃത്തുക്കളോടും സംവദിക്കാനുള്ള ഒരു തലം മാത്രമായിരുന്നു. ഇന്നിപ്പോള്‍ എനിക്കത് കൃഷി അറിവുകള്‍ നേടാനും, വിളകള്‍ വിറ്റഴിക്കാനുമുള്ള വേദിയായി മാറി. ദീപന്‍ വെളമ്പത്തിനെ പോലുള്ള കൃഷി ഓഫീസേര്‍സും വിവിധ കൃഷിഭവന്റെ പേരിലുള്ള പോസ്റ്റുകളും ലഭ്യമാക്കുന്ന സേവനം വിലമതിക്കാനാവില്ല. ഈ കൃഷി അറിവുകള്‍ ലഭ്യമായതില്‍ മുഖ്യ പങ്ക് കൃഷിഭൂമിക്കാണ്. വ്യത്യസ്ഥ വിളകളെക്കുറിച്ച് വിശദമായുള്ള കിരണിന്റെ പോസ്റ്റുകളിലൂടെയാണ് കൃഷി പഠിച്ചത്. നാട്ടിലെ കൃഷിക്കാരില്‍ നിന്നും, വിവിധ കൃഷി ക്ളാസ്സുകളില്‍ നിന്നുമെല്ലാം കൂടുതല്‍ അറിയുന്നു. തികച്ചും ജൈവരീതിയില്‍ സ്വന്തമായുണ്ടാക്കിയ പച്ചക്കറികള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുമ്പോള്‍ നമുക്കുണ്ടാവുന്ന സംതൃപ്തി എത്രയോ വലുതാണ്. അത്രതന്നെ സംതൃപ്തി ലഭിക്കുന്നുണ്ട് എന്റെ കൃഷി പോസ്റ്റുകളില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ട് ധാരാളം പൂര്വ്വ വിദ്യാര്‍ഥികള്‍ കൃഷി തുടങ്ങി എന്നതും. കൃഷിഭൂമിയ്ക്ക് ഹൃദയത്തില്‍ ഖനനം ചെയ്ത നന്ദിയും സ്നേഹവും.
നമ്മളാല്‍ കഴിയുന്നത് പോലെ നമുക്കും ചെയ്യാം... വായിച്ചപ്പോള്‍ തന്നെ മനസ്സ് നിറഞ്ഞു. പങ്കുവെച്ചതില്‍ സന്തോഷം :)
ReplyDeleteവളരെ മനോഹരമായ അനുഭവം
ReplyDelete