Thursday, December 31, 2009

വീട് വിളിക്കുന്നു

സ്വപ്നം കൊണ്ട് തറ കെട്ടി,
ഞാനെന്റെ വീടിന്.
കണ്ണീരില്‍ ചെങ്കല്‍ചുമര്‍
പണിതുയര്‍ത്തി മെല്ലെ.
വിയര്‍പ്പില്‍ കുമ്മായം കൂട്ടി വാര്‍ത്തൂ
ചരിഞ്ഞ മേല്‍ക്കൂര.
കണ്ണീരു കോരി നനച്ചു,ആഴ്ചകള്‍,
മാസങ്ങള്‍,ആണ്ടുകള്‍.
പിന്നെ,സ്വപ്നവും, കണ്ണീരും,വിയര്‍പ്പും കൊണ്ടു
മിനുക്കിയെടുത്തു ചുമരുകള്‍.
ഇനി നിറം പൂശേണ്ടെന്ന് എഞ്ചിനീയര്‍.
കൂട്ടുകാരന്റെ അകല്‍ചയിലേയ്ക്ക്
തുറവിയായി ജനവാതിലുകള്‍.
നെഞ്ചു പൊട്ടിയൊഴുകിയ സങ്കടങ്ങള്‍
തറയൊരുക്കി കിടപ്പറയ്ക്ക്.
ഉള്ളുപൊള്ളിയ ചൂടില്‍ ഒട്ടിച്ചെടുത്തു
മരക്കഷ്ണങ്ങള്‍,സ്വീകരണമുറിയില്‍.
എന്റെ നിശ്വാസങ്ങളില്‍ അടുപ്പുകൂട്ടി
ഒരുക്കിയെടുത്തു അടുക്കളയെ.
അങ്ങിനെ എനിക്കുമൊരു വീടായി..
എന്നിട്ടോ-
ഞാനതിനെ ഇട്ടിട്ടു പോന്നു,തനിച്ചാക്കി..
വിളിച്ചുകൊണ്ടേ ഇരിക്കുന്നു,പാവം ഇപ്പോള്‍.

Saturday, December 19, 2009

എന്റെ കൂട്ടുകാരന്

എന്റെ കൂട്ടുകാരന്
-------------------------

ഉള്‍വിളികളും,ഉടല്‍ വിളികളും
കേള്‍ക്കാതെ പോയ കൂട്ടുകാരാ,
ആധികള്‍ക്കും,ആവലാതികള്‍ക്കും
മറുകുറി വരയാഞ്ഞതെന്തേ?

ഉള്‍ച്ചൂടിന്‍ വേവിനാല്‍
മുടി കൊഴിഞ്ഞ് ശൂന്യമാം
ശിരസ്സ് നീ തൊടാത്തതെന്തേ?

വിങ്ങുന്ന നെഞ്ചകത്തിന്‍
നിശ്വാസമറിയാത്തതെന്തേ?
കണ്ണീരൊഴിഞ്ഞ കണ്ണുകളെ
കാണാതെ പോയതെന്തേ?

അശാന്തമാമെന്നുള്ളില്‍ നിന്ന്
വരികളൊഴിഞ്ഞകന്നത്,
മൊഴികളൊഴിഞ്ഞകന്നത്
കണ്ടില്ലെന്ന് നടിച്ചതെന്തേ?

പലവ്യഞ്ജനമൊഴിഞ്ഞ ടിന്നുകള്‍,
പൊടി പിടിച്ച പാത്രങ്ങള്‍,
ഉണരാത്തൊരീയടുക്കള.
ചുളിയാത്ത വിരിയും,
അനങ്ങാത്ത കട്ടിലും,
മരിച്ചോരെന്‍ കിടപ്പറ.
മൌനമൂകമായ് മുഷിഞ്ഞ്
നാറിയൊരെന്‍ വീടകം.
എന്തിങ്ങനെയെന്നറിയാത്തതെന്തേ?

നിനക്കായ് നീട്ടിയ വാനോളം സ്നേഹം
നിഷ്ക്കരുണം തിരസ്ക്രുതമായതെന്തേ?
നിന്റെ ശബ്ദത്തെ കാതോര്‍ത്തയെന്നെ
മൌനത്താല്‍ ശിക്ഷിക്കുന്നതെന്തേ?

ഒരു ചിരി,ഒരു തലോടല്‍,ഒരു പുണരല്‍,ഒരു ചുംബനം
എനിക്കായ് കരുതാത്തതെന്തേ?

കാത്തുവയ്ക്കുന്നൊരു കനല്‍പ്പൂവെന്നുള്ളില്‍
നീ നിഷേധിച്ചതിനെല്ലാം പകരമായ്..