Saturday, June 18, 2011

യാത്രയുടെ പച്ചപ്പ്

പ്രിയ ശിഷ്യന്‍ മോഹനും ഭാര്യ വിനീതയ്ക്കും വേണ്ടി ആയിരുന്നു യാത്ര.കുടക്,കാസര്‍ഗോഡ്, മൂകാംബിക- ഒടുവില്‍ വയനാടെന്ന് താല്‍പര്യപ്പെട്ടത് മോഹന്‍. മുന്‍ വിദ്യാര്‍ഥി രഞ്ജിത് മേപ്പാടിയില്‍ റേഞ്ച് ഓഫീസര്‍ ആണെന്നുള്ളതും ഒരു കാരണമായി. കുടുംബത്തോടൊപ്പമല്ലാത്ത സഞ്ചാരങ്ങള്‍ ആസ്വാദ്യമായിത്തുടങ്ങിയത് എന്നു മുതലാണ്? എന്നിട്ടും ഹരിയെ കൂട്ടി, കൂടെ. അവന്‍ മകന്‍ മാത്രമല്ല, സുഹൃത്ത് കൂടിയല്ലേ!!

ഒരു ബോട്ടിങ്ങാവട്ടെ ആദ്യം എന്ന്‍ രഞ്ജിത് പറഞ്ഞപ്പോള്‍ നിരസിക്കാനാവാഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്. പക്ഷേ, ബാണാസുരസാഗര്‍ അണക്കെട്ടിലൂടെയുള്ള യാത്ര വേറിട്ടൊരു അനുഭവമായി. ഒരൊറ്റ മരമില്ലാത്ത മൊട്ടക്കുന്നിന് മുകളില്‍ ഒരു ഇരണ്ടക്കുഞ്ഞു. അവിടവിടെയായി മുട്ടകളുടെ കൂട്ടങ്ങള്‍. ഇരണ്ടക്കുഞ്ഞിനെ ക്യാമറയില്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ “ ഇനി ഒരു ഫോട്ടോ പോലും എടുക്കേണ്ടതില്ല “ എന്ന ധന്യത ഹരിയ്ക്ക്. ബോട്ടില്‍ നിന്നിറങ്ങി, നടന്നു കയറിയ ഗുഹയും, ഓടപ്പാളികളാല്‍ പണിത വീടും, ചാണകം മെഴുകിയ തറയിലിരുന്നു കുടിച്ച കട്ടന്‍ ചായയും, തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന പെട്റോള്‍മാക്സും കുളിരുള്ള കാഴ്ചകളായി.

സൂചിപ്പാറയിലേക്കുള്ള യാത്രയില്‍ കാടിന്റെ കാവല്‍കഥകളുമായി രഞ്ജിത്തും, ഫോറസ്റ്ററ് വിനോദും കൂട്ട് വന്നു. സഞ്ചാരികളുടെ ബാഹുല്യത്തിലും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തരി പോലുമില്ലാതെ, കരയാതെ കാടിനെ കാത്തു സൂക്ഷിക്കാനാവുന്നത് ഇവരുടെ പ്രതിബദ്ധത കൊണ്ടു മാത്രം. രണ്ടു സ്ത്രീകളെ 75 കിലോ മാനിറച്ചിയോടൊപ്പം അറസ്റ്റ് ചെയ്തത്, അറുപതേക്കറ് കൈയേറ്റ ഭൂമി ഒഴിപ്പിച്ചത്—കാട്ടുകഥകള്‍ പിന്നെയും എന്തൊക്കെ?

ഏറ്റവും അവിസ്മരണീയമായത് ചെംബ്രയിലെ താമസം. മുറ്റത്തെ പടുകൂറ്റന്‍ ഞാവലില്‍ നിറയെ കുഞ്ഞു കുഞ്ഞു പഴങ്ങള്‍. കാട്ടുഞ്ഞാവലിന് മാധുര്യമേറും, ചെറുതെങ്കിലും. ഞാവല്‍ചോട്ടില്‍ കുത്തിയിരുന്നപ്പോള്‍ മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ വെളിച്ചം കൊണ്ട് വന്നു. ഭൂമിയില്‍ വെളിച്ചം കൊണ്ടുവന്ന മിന്നാമിനുങ്ങുകളുടെ കഥ പറഞ്ഞ കൂട്ടുകാരന്‍ എവിടെയാണ്? സ്വാദിഷ്ഠമായ വിഭവങ്ങളുമായി രഞ്ജിത്തിന്റെ കുക്ക് വേണുവേട്ടന്‍ എത്തി. ശുഭരാത്രി ആശംസിച്ച് ക്വാര്‍ട്ടേര്‍സിലേയ്ക്ക് മടങ്ങുമ്പോള്‍ പരിസരത്ത് ചുറ്റിനടക്കുന്ന ആറാനക്കൂട്ടത്തെക്കുറിച്ചും, പുലികളെക്കുറിച്ചുമൊക്കെ രഞ്ജിത് ഒട്ടും ഭയപ്പെടുത്താതെ ഭയപ്പെടുത്തി. കാട് അത്രത്തോളമൊരു ലഹരിയായി ഉള്ളിലുള്ളത് കൊണ്ടോ, ജീവിച്ചിരിക്കണം എന്നതില്‍ നിര്‍ബന്ധമില്ലാത്തതിനാലോ ആവാം പേടി തോന്നാതിരുന്നത്.പാതിരാത്രിയില്‍ കാട്ടുപന്നിക്കൂട്ടം വാതിലില്‍ മുട്ടി വിളിച്ചിട്ടും ഭയന്നില്ല. വാതില്‍ തുറന്നില്ലെങ്കിലും.

പണ്ട് റാണിഖേത്തിലെ കാട്ടില്‍ പുലര്‍ച്ച, തനിച്ചിരുന്ന് ഹിമാലയം കണ്ട ഓര്‍മ്മയിലാണ്‍ സൂര്യനുണരും മുന്പേ പുറത്തിറങ്ങിയത്. അങ്ങകലെ, മലനിരകള്‍ക്കിടയില്‍ തിരമാലകളെപ്പോലെ പതഞ്ഞു,പുതഞ്ഞു കോടമഞ്ഞ്. ഒരു നിമിഷം പോലും ആ കാഴ്ചയില്‍ നിന്ന്‍ കണ്ണ് പിന്‍വലിക്കാന്‍ കഴിയായ്കയാല്‍ മറ്റുള്ളവരെ വിളിക്കാനോ, ക്യാമറ എടുക്കാനോ തുനിഞ്ഞില്ല. അവര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും കോടമഞ്ഞ് തിരകള്‍ വെണ്‍പ്രാവുകളായി പറന്നകന്നു തുടങ്ങിയിരുന്നു. എന്റെ ഉള്ളിലെ അഗ്നിച്ചൂടില്‍ കുളിര്‍മഴയായെത്തിയ ഓരോ കാഴ്ചയ്ക്കും രഞ്ജിത്തിന് നന്ദി.

പറഞ്ഞു കേട്ടു പരിചയിച്ച കുറുവാദ്വീപിലൂടെ രാഘവേട്ടനൊപ്പം കാല്‍പാടുകളൊന്നാക്കിയ തീര്‍ഥാടകരായ് മതിമറന്നു നടക്കുമ്പോള്‍ എനിയ്ക്കും ഹരിയ്ക്കും ഒരേ പ്രായം. മറ്റാരുമില്ലാത്ത ഇടങ്ങളിലൂടെ നടക്കുമ്പോള്‍ യാത്ര കൂടുതല്‍ ഹൃദ്യമാവുന്നു. കാടിന്റെ, പുഴയുടെ വശ്യ സൌന്ദര്യം അനുഭവിച്ചു മതിയാകുന്നതാണോ?

തോല്‍പ്പെട്ടി വന്യമൃഗ സങ്കേതത്തിലെ ജീപ്പ് സവാരി മുതുമല യാത്രയെ ഓര്‍മ്മിപ്പിച്ചെങ്കിലും, മുതുമലയേക്കാള്‍ ഗംഭീരമാണ് ഇവിടമെന്ന് തിരിച്ചറിയാന്‍ പാതിവഴി പോലും പിന്നീടേണ്ടി വന്നില്ല. കാണും എന്ന പ്രതീക്ഷ ആന മാത്രമേ തെറ്റിച്ചുള്ളൂ. മാനും, മയിലും, കാട്ടുപന്നിയും, കാട്ടുപോത്തും,കാട്ടുകോഴിയും എല്ലാം ഹാജര്‍ പറഞ്ഞു. സാധാരണ സഞ്ചാരികള്‍ പോകാത്ത വഴികളിലൂടെയായിരുന്നു ഇവിടെയും ഞങ്ങളുടെ യാത്ര. രാഘവേട്ടന്‍ തന്നെ നായകന്‍. ഒടുവില്‍ അയ്യപ്പന്‍പാറ ടവറെത്തി. അത്രയും മുകളിലേയ്ക്ക് കയറാന്‍ വയ്യല്ലോ എന്ന്‍ വ്യസനിച്ച എന്നെ മോഹനാണ് നിര്‍ബന്ധിച്ച് കയറ്റിയത്. കയറി മുകളിലെത്തി ഇല്ലായിരുന്നെങ്കില്‍, നഷ്ടമാകുമായിരുന്നത് എന്തൊരു കാഴ്ച? കടല് പോലെ പരന്ന്‍ കാട്. മരത്തലപ്പുകള്‍ പച്ചയുടെ വൈവിധ്യങ്ങളില്‍. നാലുപാടും,കണ്ണെത്താ ദൂരത്തോളം കാഴ്ചയുടെ പച്ചപ്പ്..മനം നിറഞ്ഞ്, പതഞ്ഞു .....ഞാനെന്നത് അദൃശ്യമായ ആത്മാവായ് മരത്തലപ്പുകള്‍ക്ക് മീതെ പറന്നു നടന്നു.” ഇതിനേക്കാള്‍ വലിയ ഗുരുദക്ഷിണയെന്ത്, രഞ്ജിത് മാഡത്തിന് തരാന്‍?” എന്നു മോഹന്‍. നന്ദി എന്ന രണ്ടക്ഷരത്തില്‍ ഒതുക്കാവുന്നതല്ല എന്റെ മനോവികാരം.

കലാശക്കൊട്ട് തിരുനെല്ലിയിലാക്കാമെന്ന് നിറ്ദദേശിച്ചത് രഞ്ജിത് തന്നെ. ക്ഷേത്ര ദര്‍ശനത്തിന് പുറമേ ആന ദര്ശനവും നടന്നു ആ യാത്രയില്‍. ഞങ്ങള്ക്ക് ആനയെ കാണിച്ചു താരാനായില്ല എന്നെ രാഘവേട്ടന്റെ സങ്കടം തീര്‍ന്നല്ലോ എന്നതായിരുന്നു എന്റെ സന്തോഷം.

മനസ്സ് തൊട്ടറിഞ്ഞ കാഴ്ചകളുടെ നിറവില്‍ അറിയാതെ വന്നു പോകുന്നു വരികളില്‍നന്ദി.മോഹന്,വിനീതയ്ക്ക്,രഞ്ജിത്തിന്,വിനോദിന്,വേണുവേട്ടന്,രാഘവേട്ടന്,പിന്നെ വേണുവേട്ടന്റെ മകന്‍ ശിവദത്തനെന്ന അഞ്ചാമ്ക്ളാസ്സുകാരന്..

2 comments:

  1. മേഡം.. ഹൃദ്യമായ അവതരണം.!!.വായിക്കുമ്പോള്‍ നാട്ടിലെത്തിയതുപോലെ...ഇനിയും ഇത്തരം എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു....എന്ന് മറ്റൊരു ശിഷ്യന്‍ ..

    ReplyDelete
  2. മനോഹരമായി എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.
    ഇനിയും എഴുതു.

    യാത്ര അനുഭവിപ്പിച്ചതിന് നന്ദി.

    ReplyDelete