Friday, March 8, 2013

കല്ലുമ്മക്കായ



ത്രിവര്‍ണ്ണ സൌന്ദര്യവും,
ഉരുക്കിന്നുറപ്പുമുള്ള പുറന്തോട് ..

കാമാര്‍ത്തിയുടെ 
അഗ്നിചൂടില്‍ പൊട്ടിപ്പിളര്‍ന്നപ്പോള്‍ 
പൂമ്പാറ്റ പോലൊരു മൃദു യോനി
ചിരി തൂകി കണ്‍മിഴിച്ചു..

ഞാനാദ്യം രോമരാജി
അറുത്തു മാറ്റി.
സ്നേഹവായ്പ്പോടെ കഴുകി തുടച്ചു.
ചുംബിച്ചു ചുവപ്പിച്ചു...

പിന്നെ തീയില്‍ വെന്തു 
പതിവ്രതയെന്ന് ബോധിപ്പിക്കാന്‍ 
കല്‍പ്പിച്ചു..


പ്ലേറ്റിലേയ്ക്ക് പകരുന്ന 
പതിവ്രതകളെ മോഹിച്ച 
എനിക്കു മുന്നില്‍ പൂമ്പാറ്റകള്‍
പറന്നുയര്‍ന്നു..

Sunday, February 17, 2013

പ്രണയ മഴ

മഴയുണ്ട്,
മരമുണ്ട്,
തണലുണ്ട്.

ചെടിയുണ്ട്,
പൂവുണ്ട്,
പൂംപാറ്റയുണ്ട്.

പ്രണയം
പൂമ്പാറ്റയായ്
പാറുന്നുണ്ട്...

Saturday, February 9, 2013

തനിച്ചായി

പ്രണയപാതയോരത്ത്
ചേര്‍ന്നുരുമ്മി നില്‍ക്കവേ
പാഞ്ഞടുത്തൊരു
പ്രാന്തിപ്പരുന്ത്
പറന്നകന്നു,
കൊത്തിയെടുത്തെന്
പ്രാണനെ ...

നമ്മള്‍

ഇപ്പോള്‍ ..

നിനക്കറിയുന്നതിലപ്പുറം
നിന്നെ എനിക്കറിയാം.
 ഞാന്‍ അറിയുന്നതിലപ്പുറം
നീ അറിയുന്നില്ലേ എന്നെ?

നിന്റെ കണ്ണിലൂടെ
എന്റെ കാഴ്ചകളും ,
എന്റെ കണ്ണിലൂടെ
നിന്റെ കാഴ്ചകളും
ഒന്നായപ്പോള്‍
നമുക്കിടയില്‍ ഒരു
ശ്വാസദൂരം മാത്രം..


Tuesday, December 11, 2012

അമ്മമ്മ

നാലാംക്ളാസ് പഠിപ്പുള്ള
അമ്മമ്മയുമിപ്പോള്‍
ഇംഗ്ളീഷേ പറയൂ..

അമ്മമ്മയുടെ നിഘണ്ടുവില്‍
അരുതുകളില്ല;
'നോ'കള്‍ മാത്രം.

ഉള്ളിയും ഉരുളക്കിഴങ്ങുമില്ല,
ഒണിയനും പൊട്ടറ്റോയും പോരേ?

അത്താഴം അടുക്കളയില്‍ നിന്ന്‍
അകന്നിട്ട് കാലമേറെ..
എല്ലാര്‍ക്കുമിപ്പോള്‍ ഡിന്നര്‍ മതി.

മണ്ണിലും മഴയത്തും
പാടത്തും പറമ്പിലും
കളിച്ചു വളര്‍ന്നവര്‍ക്ക്
സ്വന്തം മക്കളെ
മണ്ണ് പുരളാതെ,
മഴ നനയാതെ,
മലയാളം പറയാതെ
വളര്‍ത്താന്‍
അമ്മമ്മമാര്‍ വേണം.

മക്കളെ വളര്‍ത്തി,
മക്കള്‍ തന്‍ മക്കളെ വളര്‍ത്തി
അമ്മമ്മമാര്‍ വളര്‍ന്നോ, തളര്‍ന്നോ?

Tuesday, November 20, 2012

സ്നേഹമില്ലാത്തവള്‍



അമ്മയുടെ സ്നേഹമോള്‍
കുട്ടികളുടെ സ്നേഹ ടീച്ചര്‍
അനുജന്റെ സ്നേഹചേച്ചി
സ്നേഹശൂന്യയായ്
പരുക്കന്‍ പാളത്തില്‍ 
ചോരപ്പൂക്കളായ്....

കാമുകന്റെ കല്യാണതലേന്ന് 
കൈകൂപ്പി നടന്ന്‍
പാളത്തില്‍ പാഞ്ഞെത്തിയ
തീവണ്ടിയെ വരിച്ചപ്പോള്‍
വിഡ്ഡിയായത് ആര്‍?

വഞ്ചിക്കപ്പെട്ടതിന്റെ
തീച്ചൂടില്‍ നിന്ന്‍
കാരിരുമ്പിന്‍ കരുത്തോടെ
ഉയിര്‍ത്തെഴുന്നേല്‍ക്ക നീ.....

ഒരു മഴയില്‍
ഒലിച്ചില്ലാതാകുന്ന
മണ്ണാങ്കട്ട ..പ്രണയം...

Friday, August 3, 2012

ഡയറി

നീലചട്ടയ്ക്കകത്തെ വെള്ളത്താളുകളില്‍
ചേര്‍ന്നിരുന്ന് പങ്കുവച്ചതൊക്കെയും
മോഷ്ടിയ്ക്കപ്പെട്ടു.

ഇപ്പോള്‍ ഞാന്‍ എന്നെ കുറിക്കുന്നത്
നിന്നിലാണ്..