Tuesday, March 6, 2012

വയല്‍വരമ്പിലൂടെ

വയല്‍വരമ്പിലൂടെ , ഏകയായ്
നടന്നു നീങ്ങുകയാണ്..
കൂടെയൊരാള്‍ക്ക് ചേര്‍ന്ന് പോകാന്‍
അസാധ്യമാമ് വിധം ഇടുങ്ങിയ നടവഴി.
വിളര്‍ത്ത്,നരച്ചു, കൂര്‍ത്ത നെല്‍ച്ചുവടുകള്‍ .
വരണ്ടു വീണ്ടുണങ്ങിയ നിലം.
ശൂന്യമാണ് ആകാശം പോലും..
വെണ്‍മേഘപ്രാവുകളൊന്നുപോലുമില്ല ..
ഇലയനക്കങ്ങളില്ല,പച്ചപ്പില്ല,
കിളിപ്പാട്ടില്ല, കാറ്റുമില്ല കൂട്ടിന്.
വയ്യ വയ്യെന്ന് കിതച്ചു തളര്‍ന്ന നിമിഷമൊന്നില്‍
കവിത വന്ന്‍ കൈ പിടിച്ചു.
കണ്ണീരുപ്പ് കനത്ത കദനങ്ങളെ,
കറുകറുത്ത അക്ഷരമുത്തുകളാക്കി
കുരുകുരാ കോര്‍ത്ത് കഴുത്തിലിട്ടു.
മറന്നു വച്ച സ്വപ്നങ്ങളെ ,ചിരികളെ
തിരഞ്ഞെടുത്തു തിരികെ തന്നു..
ഒരുതുള്ളി..പലതുള്ളി..പെരുമഴ..
വളര്‍ന്ന്..വിടര്‍ന്ന്.. പച്ച പുതച്ചു നെല്‍ച്ചുവടുകള്‍ ..
മഴയില്‍ കുളിര്‍ന്ന് കുതിര്‍ന്നു
ഞാനൊരു വയല്‍പ്പൂവായി ....



Monday, March 5, 2012

നന്ദി

കണ്ണീരുപ്പ് പടര്‍ന്ന കവിളുകള്‍
കാണാതെ പോയതിന്,
നെഞ്ചു പൊട്ടിച്ചിതറിയ വാക്കുകള്‍
തട്ടിത്തെറിപ്പിച്ചതിന്,
കാണാന്‍ കൊതിച്ച കണ്ണുകളില്‍
കാഴ്ചയാവാത്തതിന്,
യൌവ്വനത്തിന്‍ ഉടല്‍വിളികള്‍
കേള്‍ക്കാതിരുന്നതിന്,
ഈ കരുതും കനപ്പും എന്നില്‍
നിറച്ചതിന്,
കവിതയ്ക്ക് കാരണമായി, സങ്കടങ്ങള്‍
സമ്മാനിച്ചതിന്,
എന്റെ പ്രിയനേ നന്ദി..


Thursday, February 16, 2012

മാമരം

ഒരു സ്നേഹപ്പൂമരം..
ചില്ലകള്‍ താഴ്ത്തി,
ഇലകള്‍ വിടര്‍ത്തി,
പൂക്കള്‍ വിരിയിച്ചു,
മാടിവിളിക്കുന്നൂ...
പോയാലോ?
കൊമ്പുകളൊന്നില്‍
തൂങ്ങിയാടാന്‍ ?

Wednesday, January 18, 2012

സമ്മാനം

നിന്റെ അക്ഷരവടിവില്‍
എന്റെ മേല്‍വിലാസം
എഴുതപ്പെടുമ്പോള്‍ ,


എനിക്കായൊരു സമ്മാനം
നിന്നാല്‍ അയക്കപ്പെടുമ്പോള്‍ ,

സമ്മാനപ്പൊതിയ്ക്കകത്ത്
എന്നെ നിനക്കത്രമേല്‍
ഇഷ്ടമെന്ന കയ്യൊപ്പ്
കാണുന്നു ഞാന്‍ .

എന്നിട്ടുമെന്നിട്ടും
എന്തിനാണ് കരയുന്നത് ഞാന്‍ ?

Friday, January 13, 2012

യാത്ര

തൊട്ട് തൊട്ട്..
മിണ്ടി മിണ്ടി ...
പൂത്തുലഞ്ഞു രണ്ടു പേര്‍ .
വഴികള്‍ അവസാനിക്കില്ലെന്ന്
കരുതിയ മൌഡ്യം.
പാതിവഴിയില്‍
പാത പകുത്ത് മാറി.
പാഞ്ഞു വന്ന ബസ്സില്‍
കൈവീശി കയറീപ്പോള്‍,
കാറില്‍ ബാക്കിയായ്
തൊട്ടറിഞ്ഞ സ്നേഹം.
വേര്‍പാടിന്‍ പൊള്ളലില്‍
കത്തിയമര്ന്നൂ ബസ്സ്.

Monday, December 19, 2011

ജീവിതം

ഔദ്യോഗിക ജീവിതത്തിലെ പതിമൂന്നാമാണ്ടിലാണ് മാഹി നവോദയ വിദ്യാലയത്തില്‍ എത്തിപ്പെടുന്നത്.മുകുന്ദന്റെ വരികളിലൂടെ കണ്ടറിഞ്ഞ മയ്യഴിയില്‍ ജീവിക്കുക എന്ന സ്വപ്ന സാക്ഷാത്കാരമായിരുന്നു അത്.വന്നു ചേര്‍ന്ന ആദ്യനാളുകളില്‍ തന്നെ" അലസരും മടിയരുമായ മയ്യഴിയുടെ മക്കള്‍" എന്ന മുകുന്ദന്റെ വരികള്‍ തികച്ചും ശരിയാണെന്ന് തോന്നി.കവലകളില്‍, കടവരാന്തകളില്‍, ബസ്സ്റ്റോപ്പുകളില്‍ മണിക്കൂറുകളോളം ഒന്നും ചെയ്യാതെ നില്‍ക്കുന്ന, ഇരിക്കുന്ന പുരുഷന്മാര്‍.വൈകുന്നേരങ്ങളിലെ മത്സ്യക്കച്ചവടക്കാരന് മുന്നില്‍ മണിക്കൂറുകളോളം വെറുതെ നോക്കി നില്‍ക്കുന്ന ആളുകള്‍.രാവിലെ മുതലേ മദ്യം മണക്കുന്ന മയ്യഴിയിലെ പുരുഷന്മാരേ കാണുമ്പോഴെല്ലാം വേവലാതിയോടെ ഞാനോര്‍ത്തത് അവരുടേ കുടുംബങ്ങളിലെ സ്ത്രീകളെക്കുറിച്ചായിരുന്നു.
എങ്ങിനെയെന്നറിയില്ല..മകന്റെ/മകളുടെ ക്ളാസ്സ് ടീച്ചറോട് അമ്മമാര്‍ സങ്കടങ്ങളും പ്രശ്നങ്ങളും പറഞ്ഞു തുടങ്ങി."ഓര് എപ്പം കരേലാ..കടലില്‍ പോണില്ല" എന്ന ആവലാതിയ്ക്ക് പോലും എന്റെ ഉറക്കം നഷ്ടപ്പെടുത്താനായി..ഏത് രീതിയില്‍ ഈ സ്ത്രീകളെ സഹായിക്കാനാകും എന്ന ചിന്തയ്ക്കൊടുവില്‍ എന്റെ ഉള്ളില്‍ തെളിഞ്ഞ പരിഹാര മാര്‍ഗ്ഗം ഇവര്‍ക്കെല്ലാം സ്വന്തമായി വരുമാനമാര്‍ഗ്ഗം ഉണ്ടാക്കുക എന്നതാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനൊരാളുണ്ടാവുകഎന്നത് പോലും എത്ര വലിയ സാന്ത്വനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ഇക്കാലത്താണ് പ്രശസ്ത ചിത്രകാരിയായ രാധ ഗോമതിയുമായി ഒരു സൌഹ്റൂദം ഉണ്ടാകുന്നത്.രാധയുടെ വര്‍ക്ഷോപ്പുകളിലെ, എക്സിബിഷനുകളിലെ സാന്നിധ്യം സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സമ്മാനിച്ചു.തയ്യല്‍കടകളില്‍ മിച്ചം വരുന്ന തുണികള്‍ കൊണ്ട് മനോഹരമായ ബാഗുകള്‍ ഉണ്ടാക്കുന്ന ആശയം രാധയില്‍ നിന്നാണ് എനിക്കു ലഭിച്ചത്.

അങ്ങിനെയാണ്, എന്റെ കുട്ടികളുടെ അമ്മമാര്‍ക്കായി വിവിധതരത്തിലുള്ള തുണിബാഗുകളുടെ നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.വിദ്യാലയത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന ഏതൊരു സംരംഭത്തേയും പിന്തുണയ്കുന്ന പ്രിന്സിപ്പലിന്റെ നേതൃത്വവും സഹകരണവും പരിപാടിയെ വന്‍ വിജയമാക്കിതീര്‍ത്തു. മുപ്പത്തഞ്ചോളം സ്ത്രീകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മറ്റെല്ലാം മറന്നു, ആവേശത്തോടെ പങ്കാളികളായി.പലരുടെ ആശയങ്ങള്‍ ഒന്നായപ്പോള്‍ പഴയ കര്‍ട്ടനും പാന്‍റുകളും, ബെഡ് ഷീറ്റുകളുമെല്ലാം മനോഹരങ്ങളായ ബാഗുകളായി മാറി.
മാസത്തിലൊരിക്കല്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കണം എന്ന്‍ എല്ലാവരും ആവശ്യപ്പെട്ടു.പിരിയുന്നതിന് മുന്പ് അവരെല്ലാം നന്ദി പറഞ്ഞു ,രണ്ടു ദിവസം എല്ലാം മറന്ന്‍ ഇത്രയും സ്ത്രീകളോടൊപ്പം ഒരുമിച്ചിരിക്കാനും പ്രവര്‍ത്തിക്കാനും സാഹചര്യമൊരുക്കിയതിന്.അവരില്‍ പലര്‍ക്കും വീടിന് പുറത്തൊരു ലോകമില്ലായിരുന്നു." എന്റെ വീടിന്റെ ജനല്‍ ഗ്ളാസ്സുകള്‍ പോലും പത്രം കൊണ്ട് ഒട്ടിച്ചു മറച്ചിരിക്കുന്നു എന്ന്‍ ഒരമ്മ സങ്കടപ്പെട്ടു.
ഇന്ന്‍ എനിക്കു വലിയൊരു സന്തോഷത്തിന്റെ ദിവസമാണ്. നാളെ ബാഗ് നിര്‍മ്മാണ പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുന്നു.അതിനു വേണ്ട ഊര്‍ജ്ജവും ധൈര്യവും സാഹചര്യവും സമ്മാനിച്ചത് ടീച്ചറാണ്, അത് കൊണ്ട് ടീച്ചര്‍ തന്നെ ഉദ്ഘാടനം ചെയ്യണം എന്ന്‍ അവര്‍ ആവശ്യപ്പെടുന്നു.ഇപ്പോള്‍ കണ്ണ്‍ നിറയുന്നത് എന്‍റെയാണ്.

Thursday, December 15, 2011

തനിച്ചായി

പ്രണയപാതയോരത്ത്
ചേര്‍ന്നുരുമ്മി നില്‍ക്കവേ
പാഞ്ഞടുത്തൊരു
പ്രാന്തിപ്പരുന്ത്
പറന്നകന്നു,
കൊത്തിയെടുത്തെന്‍
പ്രാണനെ
പ്രാണന്റെ പ്രാണനെ.